മൊബൈല്‍ മോഷണത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
തളിപ്പറമ്പ്: മൊബൈല്‍ മോഷ്ടിച്ചുവെന്ന പരാതിയില്‍ നിരപരാധിയാണെന്നുകണ്ട് പൊലിസ് വിട്ടയച്ചശേഷം രണ്ടംഗസംഘം ക്രൂരമായി മര്‍ദിച്ച് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. അള്ളാംകുളം ഫാത്തിമാസിലെ ജുനൈദിനെയാണ്(23) കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്തുവച്ച് ഇന്നലെ വൈകുന്നേരത്തോടെ കണ്ടെത്തിയത്. തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ കൊണ്ടുവന്ന ജുനൈദില്‍ നിന്നു പരാതി വാങ്ങിയ ശേഷം സദാചാര ഗുണ്ടായിസം ഉള്‍പ്പെടെ കര്‍ശന വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ അറിയിച്ചു. യുവാവിനെ കണ്ടെത്താന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ ക്രൈംസ്ക്വാഡിനെ നിയോഗിച്ചിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ജുനൈദിനെ പൊലിസ് കണ്ടെത്തിയത്. തളിപ്പറമ്പ് ദേശീയപാതയോരത്തെ ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരി നിസ്കാരത്തിന് പള്ളിയില്‍ പോയ സമയത്ത് കടയില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. പരാതിയെ തുടര്‍ന്നാണ് ജുനൈദിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലയില് നിരപരാധിയെന്ന് തിരിച്ചറിഞ്ഞ് വിട്ടയച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സ്റ്റേഷനില്‍ നിന്നിറങ്ങി ഷാലിമാര്‍ ടെക്സിന് മുന്നിലെത്തിയപ്പോള്‍ രണ്ടുപേര്‍ ജുനൈദിനെ പിടികൂടി ക്രൂരമായി മര്‍ദിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ജുനൈദിനെ മര്‍ദിച്ച സംഘത്തിലുള്പ്പെട്ടതെന്ന് സംശയിച്ച് ഉണ്ടപ്പറമ്പിലെ മുഹമ്മദ് മുഫാസിനെ ഞായറാഴ്ച രാത്രി തന്നെ പൊലിസ് പിടികൂടിയിരുന്നു. കപ്പാലം സ്വദേശി സി. ദില്‍ഷാദ്(22), കാര്യാമ്പലത്തെ റമീസ്(23) എന്നിവരാണ് ജുനൈദിനെ മര്‍ദിച്ചതെന്ന് പൊലിസിനോട് വെളിപ്പെടുത്തിയത് മുഫാസാണ്.
ജുനൈദിനെ രക്ഷിക്കാനാണ് താന്‍ അവിടെയെത്തിയതെന്നാണ് മുഫാസ് പൊലിസിനോട് പറഞ്ഞത്. ഇത് വിശ്വാസത്തിലെടുത്ത് പെറ്റി കേസ് എടുത്തശേഷം മുഫാസിനെ വിട്ടയച്ചു. ഇവര്‍ മൂവരും ഇപ്പോള്‍ ഒളിവിലാണ്. യുവാവിനെ കണ്ടെത്താനാവാത്തത് വിവാദമായതോടെയാണ് അന്വേഷണത്തിന് ഡിവൈ.എസ്.പിയുടെ ക്രൈംസ്ക്വാഡിനെ നിയോഗിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ണൂര്‍ ടവര്‍ പരിധിയിലാണ് ജുനൈദിന്റെ ഫോണിന്റെ സ്ഥാനമെന്ന് കണ്ടെത്തുകയും പൊലിസ് കണ്ണൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടയിലാണ് അലഞ്ഞു തിരിഞ്ഞ് നടക്കുന്നനിലയില് ജുനൈദിനെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."