ഹയര്‍സെക്കന്‍ഡറിയില്‍ കൂടുതല്‍ അനധ്യാപക തസ്തികകള്‍ക്ക് ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കൂടുതല്‍ അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് നിയമനം നടത്താന്‍ ശുപാര്‍ശ. സ്‌കൂളുകളുടെ മികച്ച പ്രവര്‍ത്തനത്തിന് ഇത് ആവശ്യമാണെന്ന് വിലയിരുത്തിയാണ് യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതി ഇതിനു ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നിലവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അനധ്യാപക ജീവനക്കാര്‍ നാമമാത്രമാണെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാബ് അസിസ്റ്റന്റ് മാത്രമാണ് ഹയര്‍ സെക്കന്‍ഡറിയില്‍ അനധ്യാപക തസ്തികയില്‍ ഉള്ളതെന്നാണ് സമിതി നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ അധ്യാപക നിയമനങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വിദ്യാലയ നടത്തിപ്പില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ശേഖരിച്ചിരുന്നു.
സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍ എന്നിങ്ങനെ രണ്ട് അധികാരകേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സമിതി വിലയിരുത്തി. സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ പലപ്പോഴും ഇത് തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു.
ഇങ്ങനെ രണ്ട് അധികാരകേന്ദ്രങ്ങളുള്ള അവസ്ഥ ഒഴിവാക്കാവുന്നതാണ്. കുട്ടികള്‍ പത്താം ക്ലാസ് വരെ പഠിച്ച സ്‌കൂളില്‍ അവരുടെ താല്‍പര്യമനുസരിച്ച് പതിനൊന്നാം ക്ലാസിലേക്കു പ്രവേശനം നല്‍കാന്‍ സാധിക്കുമെങ്കില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളെ ഒറ്റ യൂനിറ്റായി കണക്കാക്കാം. അങ്ങനെയാണെങ്കില്‍ ഒരു സ്‌കൂളില്‍ രണ്ടു മേലധികാരികളുടെ ആവശ്യം വരില്ല.ഹൈസ്‌കൂള്‍ തലം വരെ കായികാധ്യാപകരുണ്ടെങ്കിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇതില്ല. എന്നാല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ കായിക പരിശീലനത്തിനായി ആഴ്ചയില്‍ രണ്ടു പിരിയഡ് നീക്കിവച്ചിട്ടുണ്ട്.
ഈ പിരിയഡുകളില്‍ ഹൈസ്‌കൂളിലെ കായികാധ്യാപകര്‍ തന്നെ പരിശീലിപ്പിക്കണമെന്നാണ് സ്‌പെഷല്‍ റൂള്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ ആഴ്ചയില്‍ നാലു പിരിയിഡെങ്കിലും കായിക പരിശീലനത്തിനു നീക്കിവയ്ക്കണമെന്നും പരിശീലനത്തിനായി കായികാധ്യാപകരെ നിയമിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."