ശുഭപ്രതീക്ഷ നല്‍കുന്ന ഷീ ജിന്‍പിങ്- നരേന്ദ്ര മോദി കൂടിക്കാഴ്ച
ചൈനയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ച ശുഭപ്രതീക്ഷ നല്‍കുന്നതാണ്. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചര്‍ച്ചയുടെ പരിസമാപ്തി മേഖലയില്‍ സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. ദോക്‌ലായില്‍ 72 ദിവസം നീണ്ടു നിന്ന ഇന്ത്യ -ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഇരു രാഷ്ട്ര നേതാക്കളും താല്‍ക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഈ കൂടിക്കാഴ്ചയില്‍. ദോക്‌ലായില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമായി കൊണ്ടിരുന്ന വേളയിലാണ് ചൈനയില്‍ ബ്രിക്‌സ് അംഗരാജ്യങ്ങളുടെ ഉച്ചകോടി ചേരുന്നത്. ദോക് ലായില്‍ ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് ചൈന റോഡ് വെട്ടുന്നത് ഇന്ത്യന്‍ സൈന്യം ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് ചൈനയും ഇന്ത്യയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഈയൊരു പശ്ചാതലത്തില്‍ ചൈനയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുന്നത് ഏറെ പ്രാധാന്യമുള്ളതായിരുന്നു. ആതിഥേയ രാഷ്ട്രങ്ങളുടെ ഭരണാധിപന്മാര്‍ അതിഥി രാഷ്ട്ര നേതാക്കളുമായി ഇത്തരം ഉച്ചകോടിക്ക് ശേഷം കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവികമാണെങ്കിലും ഇന്ത്യയെ സംബന്ധിച്ചും ചൈനയെ സംബന്ധിച്ചും അതിലപ്പുറമുള്ള മാനങ്ങള്‍ നല്‍കുന്നതായിരുന്നു ഈ കുടിക്കാഴ്ച 'വണ്‍ ബെല്‍റ്റ് വണ്‍ റോഡ്' എന്ന ചൈനീസ് പദ്ധതിക്കെതിരെ ഇന്ത്യ നിലകൊണ്ടതു മുതല്‍ക്കാണ് ഇന്ത്യയും ചൈനയും തമ്മില്‍ അസ്വാരാസ്യം ഉടലെടുത്തത്.
വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി പ്രകാരമുള്ള ചൈനീസ് റോഡ് ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ പാകിസ്താനിലെത്തുമ്പോള്‍ അത് ഇന്ത്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയായിരിക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ തന്നെയാണ് ചൈന ദോക്ക് ലായില്‍ റോഡ് വെട്ടുന്നത് ഇന്ത്യ തടഞ്ഞതും. സംഘര്‍ഷം മൂര്‍ച്ഛിച്ചപ്പോള്‍ 62ലെ ഇന്ത്യ-ചൈനാ യുദ്ധത്തെ അനുസ്മരിപ്പിച്ച് കൊണ്ട് 62ലെ ഇന്ത്യ മറക്കരുതെന്ന് പറഞ്ഞ് ചൈന ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. 62ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന് ഇന്ത്യയും ചുട്ട മറുപടി കൊടുത്തു. അതിര്‍ത്തി രാജ്യങ്ങളില്‍ അതിക്രമിച്ച് കയറി അവരുടെ ഭൂപ്രദേശം കൈയടക്കുക എന്നത് ചൈന വളരെ കാലമായി തുടര്‍ന്നുവരുന്ന ഒരു പ്രവര്‍ത്തനമാണ്. സിക്കിമിനെപ്പോലുള്ള ഭൂട്ടാനെപ്പോലുള്ള ചെറു രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുക എന്നതും ചൈന തുടര്‍ന്നുവരുന്ന വിരട്ട് തന്ത്രമാണ്. ഈ തന്ത്രമാണ് ദോക് ലാമില്‍ ഇന്ത്യക്ക് നേരെയും പ്രയോഗിച്ചത്. ഇന്ത്യ വഴങ്ങുകയില്ലെന്നു കണ്ടപ്പോള്‍ ദോക് ലാമിലെ റോഡ് പണി നിര്‍ത്തിവയ്ക്കാന്‍ ചൈന നിര്‍ബന്ധിതമാകുകയായിരുന്നു.
ഈ സംഭവങ്ങളുടെ തുടര്‍ച്ചയായിട്ട് വേണം ഇന്ത്യ-ചൈന ഉഭയകക്ഷി സംഭാഷണത്തെ കാണാന്‍. ആ നിലക്ക് ഇന്ത്യയുടെ നയതന്ത്ര നീക്കം ഇവിടെ വിജയിച്ചിരിക്കുകയാണ്. ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് അംഗീകരിക്കപ്പെട്ടതും ഇന്ത്യയുടെ വിജയമാണ്. ആഗോള ഭീകരതക്കെതിരേ ഇന്ത്യ അവതരിപ്പിച്ച പ്രമേയം ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. അതിനാല്‍ തന്നെ ഈ വിഷയം വീണ്ടും പിങുമായുള്ള ചര്‍ച്ചയില്‍ നരേന്ദ്ര മോദി ഉന്നയിച്ചതുമില്ല. ചര്‍ച്ചയില്‍ ഷീ ജിന്‍പിങ് ആശാവഹമായ നിലപാട് സ്വീകരിച്ചത് അതിര്‍ത്തിയിലെ മഞ്ഞുരുക്കത്തിന് കാരണവുമായി. പഞ്ചശീല തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഇരു രാഷ്ട്രങ്ങളുടെയും ബന്ധം നിലനിര്‍ത്തേണ്ടതെന്നും സമാധാനപരമായ സഹവര്‍തിത്വത്തിലൂടെ വികസ്വര രാഷ്ട്രങ്ങളായ ചൈനയും ഇന്ത്യയും മുന്നേറണമെന്നും ചൈനീസ് പ്രസിഡന്റ് ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞത് ശ്രദ്ധാര്‍ഹമാണ്. സാമ്പത്തിക ശക്തികളായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇരു രാഷ്ട്രങ്ങള്‍ക്കിടയിലും അസ്വാരസ്യവും സംഘര്‍ഷവും വളര്‍ന്നു വരുന്നത് ഒട്ടും ഗുണകരമാവില്ലെന്ന തിരിച്ചറിവില്‍ ചൈന എത്തി എന്നത് ആഹ്ലാദകരം തന്നെ. ദോക്‌ലാ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരസ്പര ചര്‍ച്ചയിലൂടെ പരിഹരിക്കാനെടുത്ത തീരുമാനവുംഅഭിനന്ദനീയം തന്നെ. പരസ്പരവിശ്വാസം ശക്തിപ്പെടുത്തുക എന്നതുതന്നെയാണ് പ്രധാനം. അതിന് ഇരു രാഷ്ട്ര നേതാക്കളുടെയും കൂടിക്കാഴ്ച ഗുണകരമായി. ചൈനയുടെ ഈയിടെ ഉണ്ടായ അമിതമായ പാകിസ്താന്‍ പ്രേമം ഇരു രാഷ്ട്രങ്ങള്‍ക്കിടയിലും അവിശ്വാസത്തിന്റെ മതിലുകള്‍ ഉയര്‍ത്തി എന്നത് യാഥാര്‍ഥ്യമാണ്.
2016ല്‍ സിയോളിലുണ്ടായ നയതന്ത്ര പരാജയത്തില്‍നിന്നു ഇന്ത്യ പാഠം പഠിച്ചിരിക്കുന്നു. ആണവ വിതരണ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ അന്ന് ചൈന പരാജയപ്പെടുത്തിയിരുന്നു.എന്നാല്‍, ചൈനയില്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയം കണ്ടു എന്നതില്‍ നമുക്ക് ആശ്വസിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."