അടുത്ത ലോക മഹായുദ്ധം സൃഷ്ടിക്കുക ഉ.കൊറിയയല്ല, കൃത്രിമബുദ്ധി
ന്യൂയോര്‍ക്ക്: ഇനിയുമൊരു ലോക മഹായുദ്ധം ഉണ്ടാകുന്നെങ്കില്‍ അതിനു കാരണമാകുക കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചുള്ള മത്സരമായിരിക്കുമെന്ന് സ്‌പെയ്‌സ് എക്‌സ്, ടെസ്‌ല എന്നീ കമ്പനികളുടെ സി.ഇ.ഒ എലന്‍ മസ്‌ക്. ഉത്തര കൊറിയയുടെ ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ പുതിയൊരു ആഗോളയുദ്ധത്തിലേക്കു നീങ്ങുന്നതായി ലോകം വിലയിരുത്തുന്നതിനിയെയാണ് എന്‍ജിനീയര്‍ കൂടിയായ മസ്‌കിന്റെ നിരീക്ഷണം.
മനുഷ്യന്റെ മനസും തലച്ചോറും ചെയ്യുന്നത് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തില്‍ ചെയ്യുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. നിലവിലുള്ള സമൂഹത്തിനു താരതമ്യേന ചെറിയ വെല്ലുവിളി മാത്രമേ ഉ. കൊറിയ ഉയര്‍ത്തുന്നുള്ളൂവെന്ന് മസ്‌ക് പറഞ്ഞു. കൃത്രിമബുദ്ധി ഉപയോഗിച്ച് മനുഷ്യന്‍ നടത്തുന്ന മത്സരമായിരിക്കും മനുഷ്യകുലത്തിന് ഭീഷണിയാകുകയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റഷ്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഭാവിയാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയില്‍ മേല്‍ക്കൈ നേടുന്നവര്‍ ലോകം ഭരിക്കുമെന്നും മസ്‌ക് നേരത്തെ പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനിയന്ത്രിതമായ ഉപയോഗത്തിനെതിരേ മസ്‌ക് അടുത്തിടെ രംഗത്തെത്തിയിരുന്നു. ജൂലൈയില്‍ അമേരിക്കയില്‍ നടന്ന അമേരിക്കന്‍ ഗവര്‍ണര്‍മാരുടെ യോഗത്തിലായിരുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനു ഭീഷണിയാകുമെന്ന് മസ്‌ക് വെളിപ്പെടുത്തിയത്. അതിനെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനെ നിരുത്തരവാദപരമായ പ്രസ്താവനയെന്നു പറഞ്ഞ് ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഓപണ്‍ എ.ഐ എന്ന പേരില്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയും മസ്‌കിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."