മതപരമായ ചടങ്ങുകളില്ലാതെ ഗൗരി ലങ്കേഷിന്റെ സംസ്‌കാരം
ബംഗളൂരു: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകളില്ലാതെ ലിങ്കായത്ത് രുദ്രഭൂമി ശ്മനാശനത്തിലായിരുന്നു സംസ്‌കാരം. യുക്തിവാദിയായ സഹോദരിയുടെ മൃതദേഹം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സഹോദരന്‍ ഇന്ദ്രജിത്ത് നിര്‍ദേശിച്ചിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ലിങ്കായത്ത് രുദ്രഭൂമി ശ്മശാനത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. നേരത്തെ മൃതദേഹം രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. ആയിരക്കണക്കിനു പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലിങ്കായത്ത് രുദ്രഭൂമി ശ്മശാനത്തില്‍ ഒത്തുകൂടിയത്. ഗൗരി ലങ്കേഷിന്റെ ഇരുകണ്ണകളും ദാനം ചെയ്തു.
ചൊവ്വാഴ്ച വൈകിട്ടാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ഏഴു പ്രാവശ്യമാണ് അക്രമികള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്.
ഇതില്‍ നാലു വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലും മൂന്നെണ്ണം അവരുടെ ദേഹത്തുമാണ് തറച്ചത്. രണ്ടു വെടിയുണ്ടകള്‍ നെഞ്ചിലും ഒന്നു നെറ്റിയിലും തറച്ചു. നാലു വെടിയുണ്ടകള്‍ പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."