അല്‍ഫോന്‍സ് കണ്ണന്താനവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം- ഐ.ടി സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. നിയമസഭാ സാമാജികനെന്ന നിലയില്‍ കണ്ണന്താനം സംസ്ഥാനത്തു നല്ല പ്രവര്‍ത്തനമാണു കാഴ്ചവച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു നിയമസഭാ സാമാജികനായി. പാര്‍ലമെന്ററി രംഗത്തെ അദ്ദേഹത്തിന്റെ മികവുറ്റ രീതികളുടെ തുടര്‍ച്ചയ്ക്കുള്ള അവസരമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, തന്നെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നതു മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കണ്ണന്താനം പറഞ്ഞു. ടൂറിസം, ഐ.ടി രംഗത്ത് ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. ഇതുകൊണ്ടുതന്നെ ഈ രംഗങ്ങളില്‍ സംസ്ഥാനത്തിനുവേണ്ടി നിരവധി കാര്യങ്ങള്‍ ഒന്നിച്ചുചെയ്യാന്‍ കഴിയുമെന്ന ഉറപ്പുണ്ട്. ഇതിന്റെ തുടക്കമാണ് ഇന്നത്തെ സ്‌നേഹവിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേരളാ ഹൗസില്‍ നടന്ന കൂടിക്കാഴ്ച തികച്ചും സൗഹൃദമായിരുന്നുവെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിക്കു നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.കെ രാഗേഷ് എം.പി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത ശേഷമാണ് കണ്ണന്താനം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."