ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ സാമ്പത്തിക അസമത്വം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പികേട്ടി, ലൂക്കാസ് ചാന്‍സല്‍ എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.
1922 നു ശേഷം ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസമത്വമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നാണ് 'ഇന്ത്യ ഇന്‍കം ഇന്‍ ഇക്വാലിറ്റി,1922-2014: ഫ്രം ബ്രിട്ടീഷ് രാജ് ടു ബില്യണര്‍ രാജ് ' എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1930ല്‍ ദേശീയവരുമാനത്തിന്റെ 21 ശതമാനവും കേന്ദ്രീകരിക്കപ്പെട്ടിരുന്നത് ഒരു ശതമാനം ആളുകളുടെ കൈകളിലാണ്. 1980 കളുടെ ആദ്യവര്‍ഷങ്ങളില്‍ ഇത് ആറുശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ മൊത്തവരുമാനത്തില്‍ 22 ശതമാനവും ഒരുശതമാനം ആളുകളിലാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.
80 കളില്‍ സാമ്പത്തിക അസമത്വം കുറ ഞ്ഞു. എന്നാല്‍ പിന്നീട് ഈ അസമത്വം വര്‍ധിക്കുന്നതായി കാണാന്‍ കഴിഞ്ഞു. വരുമാനത്തിന്റെ കാര്യത്തില്‍ 2000ത്തിനു ശേഷമുണ്ടായ വളര്‍ച്ച മുന്‍കാലത്തേക്കാള്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1960-70 കാലങ്ങളില്‍ വാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയായിരുന്നു. 80 കളില്‍ ഇത് 2.5 ശതമാനമാവുകയും 90 കളില്‍ ഇത് വീണ്ടും രണ്ട് ശതമാനത്തില്‍ എത്തുകയും ചെയ്തു. 2000ത്തിനു ശേഷം ഇത് 4.4 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക വളര്‍ച്ചാ നിരക്കിലുള്ള അസമത്വം ഇന്ത്യയില്‍ മാത്രമല്ല ചൈന, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളിലും പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013-14 വര്‍ഷത്തില്‍ 0.1 ശതമാനം വരുമാനം മുള്ളവര്‍ എട്ടുലക്ഷത്തില്‍ താഴെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഗുര്‍ഗാവോണില്‍ നിന്നുമാത്രമെടുത്ത കണക്കാണ്. അതേസമയം വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ വ്യക്തമായ ഒരു ഡാറ്റ തയാറാക്കാന്‍ കഴിയില്ലെന്നും രണ്ട് സാമ്പത്തിക വിദഗ്ധരും പറയുന്നു. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ആദായ നികുതി വകുപ്പില്‍ നിന്ന് വ്യക്തമായ ഡാറ്റ ലഭ്യമാകില്ലെന്ന് നീതി ആയോഗ് അംഗം ബിബേക് ഡെബ്രോയ് പറഞ്ഞു.
2004-05 വര്‍ഷത്തില്‍ ദേശീയ സാമ്പിള്‍ സര്‍വേയുടെ ഡാറ്റപ്രകാരം രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യയിലെ സാമ്പത്തിക രംഗം അതിവേഗത്തില്‍ വളരുന്നതാണെന്നതുകൊണ്ട് ദാരിദ്യത്തെ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ അധ്യക്ഷന്‍ പ്രണബ് സെന്‍ അഭിപ്രയാപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."