നാടിനെ ഞെട്ടിച്ച മോഷണം: മുഹമ്മദിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും
ആലക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വന്‍ കവര്‍ച്ച നടത്തിയതിന് പൊലിസ് പിടിയിലായ ആലക്കോട് കൊച്ചുകുട്ടാപറമ്പിലെ കല്ലേപറമ്പില്‍ മുഹമ്മദി(37)നെ വിശദമായ അന്വേഷണത്തിനായി പൊലിസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
കോഴിക്കോട്, കുന്നമംഗലം, ചൊവായൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായ മുഹമ്മദിനെ കഴിഞ്ഞദിവസം കൊച്ചുകുട്ടാംപറമ്പിലെ വീട്ടിലെത്തിച്ചു പൊലിസ് തെളിവെടുപ്പു നടത്തിയിരുന്നു. ഇവിടെ നിന്നു കവര്‍ച്ചമുതലുകള്‍ കണ്ടെത്തിയതിനു ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യാനായി വീണ്ടും മുഹമദിനെ കസ്റ്റഡിയില്‍വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മീന്‍ വില്‍പ്പനക്കാരനില്‍ നിന്നു കുപ്രസിദ്ധ മോഷ്ടാവായ ചരിത്രമാണ് മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള മുഹമ്മദിന്. വളരെ ചെറുപ്പത്തില്‍ തന്നെ മോഷണം തുടങ്ങി. മീന്‍ വില്‍പ്പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു ചെറു മോഷണങ്ങള്‍ നടത്തിയിരുന്നത്. മകന്റെ മോഷണം ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ പലതവണ താക്കീത് നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പ്രായപൂര്‍ത്തിയായതോടെ നാട് വിട്ട് പോയ മുഹമ്മദ് എട്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. അപ്പോഴേക്കും നിരവധി മോഷണ കേസുകളില്‍ പ്രതിയായിരുന്നു. മോഷണം നടത്തി കിട്ടിയ ലക്ഷങ്ങള്‍ കൊണ്ട് ഭൂമി വാങ്ങിക്കൂട്ടുകയും ഫര്‍ണിച്ചര്‍ കച്ചവടം ആരംഭിക്കുകയും ചെയ്തതോടെ ഇയാള്‍ കോടീശ്വരനായി മാറി. ആര് സഹായം ചോദിച്ചു ചെന്നാലും കൈ അയച്ചു സഹായിക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. സ്വന്തം നാട്ടില്‍ ഒരു കേസില്‍ പോലും പ്രതിയല്ലാത്ത മുഹമ്മദ് മോഷണത്തിനായി അന്യദേശങ്ങളെയാണ് തിരഞ്ഞെടുത്തിരുന്നത്. തളിപ്പറമ്പിലെ പ്രമുഖനായ അഭിഭാഷകന് തന്നെ വക്കാലത്ത് ഏറ്റെടുക്കുന്നതിന് തയാറായതോടെ പിടിക്കപ്പെട്ട കേസുകളില്‍ നിന്നെല്ലാം ഇയാള്‍ നിഷ്പ്രയാസം പുറത്തിറങ്ങി. രണ്ടുവര്‍ഷം മുമ്പാണ് കോടികള്‍ ചിലവഴിച്ച് കുട്ടാപറമ്പില്‍ ഇയാള്‍ ഇരുനില മാളിക നിര്‍മിച്ചത്. ഇതിനിടെ കാസര്‍കോട് ജില്ലയില്‍ പെട്രോള്‍ പമ്പ് തുടങ്ങിയെങ്കിലും നഷ്ടത്തിലായതോടെ പൂട്ടി. തുടര്‍ന്നാണ് വീടിനോട് ചേര്‍ന്ന് ഫര്‍ണിച്ചര്‍ നിര്‍മിച്ച് നല്കുന്ന യൂനിറ്റ് ആരംഭിച്ചത്. ഇതുകൂടാതെ തേര്‍ത്തല്ലി ടൗണില്‍ പലചരക്ക് കടയും ഇയാള്‍ നടത്തിവരുന്നു. ആഢംബര കാറില്‍ ഭാര്യയെയും മക്കളെയും കയറ്റിയാണ് മോഷണ വസ്തുക്കള്‍ ഇയാള്‍ വിറ്റിരുന്നതെന്നും പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. മോഷണമുതലുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക അറയും ഇയാളുടെ വീട്ടില്‍ നിര്‍മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലയളവില്‍ 43ഓളം ചെറുതും വലുതുമായ മോഷണങ്ങള്‍ മുഹമ്മദ് നടത്തിയിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ നാലോളം കേസുകളില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. കോഴിക്കോട് നിന്നു പൊലിസ് സംഘം മുഹമ്മദിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ചില തൊണ്ടിമുതലുകളും വസ്തു ഇടപാട് സംബന്ധിച്ച രേഖകളും പൊലിസ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."