ജി.എസ്.ടി പ്രശ്‌നങ്ങള്‍ കൗണ്‍സില്‍ പരിഹരിക്കണം: കോണ്‍ട്രാക്ടേഴ്‌സ്
കോട്ടയം: നികുതിദായകരും നികുതി സമാഹരിച്ച് നല്‍കുന്ന ഡീലര്‍മാരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈമാസം ഒന്‍പതിന് ഹൈദരാബാദില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തയാറാവണമെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍.
ജി.എസ്.ടി.എന്‍ സോഫ്റ്റ്‌വെയറിലെ തകരാറുമൂലം റിട്ടേണുകള്‍ അപ്്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. ഇതുമൂലം പ്രതിദിനം 600 രൂപ പിഴ നല്‍കേണ്ടിവരികയാണ്. ഒരുമാസത്തെ പിഴ ഒഴിവാക്കിയതുകൊണ്ടോ അപ്്‌ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടിയതുകൊണ്ടോ പ്രശ്‌നം തീരുന്നില്ല. സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും കരാറുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കരാറുകാര്‍ മുന്‍കൂട്ടി നികുതി അടയ്‌ക്കേണ്ടിവരുന്നുവെങ്കിലും അത് ഉപഭോക്താക്കളില്‍നിന്ന് തിരികെ ഈടാക്കാന്‍ കഴിയുന്നില്ല. നിര്‍മാണപ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളും പൊതു ഏജന്‍സികളും സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും കരാറുകാരുടെ ഇന്‍വോയ്‌സ് പ്രകാരമുള്ള നികുതി നല്‍കാന്‍ തയാറാവുന്നില്ല.
എം.ആര്‍.പിയേക്കാള്‍ കൂടിയ നിരക്കുകള്‍ ഈടാക്കരുതെന്ന ജി.എസ്.ടി കൗണ്‍സില്‍ നിര്‍ദേശം വ്യാപകമായി ലംഘിക്കപ്പെടുകയാണ്. വില്‍പ്പനകേന്ദ്രങ്ങളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുമില്ല. ആഡംബരവസ്തുക്കള്‍ക്കുള്ള 28 ശതമാനം നികുതിയാണ് നിര്‍മാണവസ്തുക്കള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ചുമത്തിയിരിക്കുന്നത്.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍, വൈസ് പ്രസിഡന്റ് മാത്യു പായിക്കാടന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."