പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് അന്ത്യം കുറിക്കണമെന്ന് നിര്‍മാതാക്കളോട് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ക്ക് അന്ത്യം കുറിച്ച് മലിനീകരണമില്ലാത്ത ഇന്ധന വാഹനങ്ങള്‍ പുറത്തിറക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
''നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മറ്റു ഇന്ധന വാഹനമെന്ന ആശയവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇനിയും നിങ്ങളോട് ചോദിക്കില്ല, എല്ലാം നശിപ്പിക്കും. മലിനീകരണത്തിനെതിരെ ഇത് അത്യാവശ്യമാണ്''- വാഹന നിര്‍മാതാക്കളുടെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ക്ക് നേട്ടമുണ്ടാവുമെന്നും അല്ലാത്തവര്‍ക്ക് പ്രശ്നങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. ഭാവി പെട്രോളിന്റെയും ഡീസലിന്റെയുമല്ലെന്നും മറ്റു ഇന്ധനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
''ഞാന്‍ നിങ്ങളോട് (നിര്‍മാതാക്കളോട്) ഗവേഷണം നടത്താന്‍ വിനയപൂര്‍വ്വം ആവശ്യപ്പെടുകയാണ്. ആദ്യം വൈദ്യുതി വാഹനങ്ങളെപ്പറ്റി നിങ്ങളോടു പറഞ്ഞപ്പോള്‍ ബാറ്ററി വളരെ ചെലവേറിയതാണെന്നു പറഞ്ഞു. ഇപ്പോള്‍ ബാറ്ററികള്‍ക്ക് 40 ശതമാനം വില കുറവാണ്. നിങ്ങളിപ്പോള്‍ തുടങ്ങുകയാണെങ്കില്‍ ഉദ്പാദനം വര്‍ധിക്കുകയും വില കുറയുകയും ചെയ്യും. പ്രഥമിക പ്രശ്നങ്ങള്‍ എല്ലായിടത്തുമുണ്ടാകും''- ഗഡ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."