ഹജ്ജ് സേവനം: വിഖായ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളുമായി സമസ്ത നേതാക്കള്‍ സമാപന ക്യാമ്പില്‍
മിന: ഹജ്ജ് വേളയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ഹാജിമാര്‍ക്ക് തണലായി നിന്ന വിഖായ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും, സമാപന ക്യാമ്പില്‍ പങ്കെടുക്കാനും സമസ്ത നേതാക്കള്‍ എത്തി. സമാപന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വിഖായ ഹാജിമാര്‍ക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ വില മതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയില്‍ രംഗത്തിറക്കിയ പടയണിയാണ് വിഖായ. ഇതിനകം വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തുതന്നെ അറിയപ്പെട്ടു കഴിഞ്ഞു. ഹാജിമാര്‍ പുണ്യഭൂമിയില്‍ ഇറങ്ങിയതുമുതല്‍ കര്‍മ്മ രംഗത്ത് ഇറങ്ങിയ സമസ്തയുടെ പടയണി ഇനിയും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓമാനൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രറട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കി. ചലനം നിന്ന് പോയവര്‍ക്ക് ചലനം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് വിഖായ മിനയില്‍ ചെയ്തത്. ഹാജിമാര്‍ക്ക് നേരായ രീതിയില്‍ ഹജ്ജ് നിര്‍വഹിക്കാനുള്ള സഹായ സൗകര്യങ്ങള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തകര്‍ ചെയ്തു കൊടുത്തു എന്നും അദ്ദേഹം പറഞ്ഞു.
സമസ്ത മുശാവറ അംഗം ചെറുവാളൂര്‍ ഉസ്താദ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം.സി സുബൈര്‍ ഹുദവി പട്ടാമ്പി പ്രവര്‍ത്തനം വിശദീകരിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, കെ.സി മുഹമ്മദ് ബാഖവി, ഡോ: ജാബിര്‍ ഹുദവി, ഹബീബ് അബ്ദുല്ല, മുസ്തഫ ബാഖവി ഊരകം, സലിം എടക്കര, കുഞ്ഞിമോന്‍ കാക്കി എന്നിവര്‍ പ്രസംഗിച്ചു. മുനീര്‍ ഫൈസി മക്ക, അബൂബക്കര്‍ ദാരിമി ആലമ്പാടി, മൊയ്ദീന്‍ കുട്ടി അരിമ്പ്ര, ദില്‍ഷാദ് കാടാമ്പുഴ, അബ്ബാസ് തറയിട്ടാല്‍, അബ്ദുല്‍ റഹ്മാന്‍ അയക്കോടന്‍, അബ്ദുല്ല തോട്ടക്കാട്, മന്‍സൂര്‍ എടക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അലി മൗലവി നാട്ടുകല്‍ സ്വാഗതവും സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."