പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ യു.ജി.സി നിര്‍ദേശം
മലപ്പുറം: പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യു.ജി.സി നിര്‍ദേശം. 'മൂക് ' എന്നപേരില്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം മൂന്നുവര്‍ഷം മുന്‍പ് തുടങ്ങിയ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാണ് നിര്‍ദേശം. ശാസ്ത്ര, മാനവിക വിഷയങ്ങളില്‍ പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങുന്നതിനുള്ള രൂപരേഖ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലകള്‍ക്കും അംഗീകൃത കോളജുകള്‍ക്കും യു.ജി.സി കത്തയച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ മാസം 25നകം അപേക്ഷിക്കാനാണ് നിര്‍ദേശം.
സ്വയം (സ്റ്റഡി വെബ്‌സ് ഓഫ് ആക്ടീവ് ലേണിങ് ഫോര്‍ യങ് ആസ്പയറിങ് മൈന്‍ഡ്‌സ്) എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് 'മൂക്'കോഴ്‌സുകള്‍ നടത്തുന്നത്. വിവിധ സര്‍വകലാശാലകള്‍ക്കുകീഴില്‍ നിലവില്‍ രണ്ടായിരത്തിലേറെ ഓണ്‍ലൈന്‍ കോഴ്‌സുകളുണ്ട്. പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്നതിനാല്‍ ഏതുപ്രായക്കാര്‍ക്കും എവിടെവച്ചും തുടര്‍പഠനം സാധ്യമാകുമെന്നതാണ് ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പ്രത്യേകത.
യു.ജി.സി.യുടെ നിര്‍ദേശമുണ്ടായിട്ടും സംസ്ഥാനത്തെ ചുരുക്കം സര്‍വകലാശാലകള്‍ മാത്രമാണ് ഇതിനകം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അംഗീകാരംനല്‍കിയിട്ടുള്ളത്. റെഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ പ്രമുഖ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ പദ്ധതിയോട് താല്‍പ്പര്യം കാണിക്കാത്തത്. ഇതിനേത്തുടര്‍ന്നാണ് കൂടുതല്‍ പുതുമകളോടെ 'മൂക് ' പഠനം സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ലോക നിലവാരത്തിലുള്ള കോഴ്‌സുകള്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്കാദമിക് പണ്ഡിതന്മാര്‍ക്കും തയാറാക്കാം.
ഒരു കോര്‍ഡിനേറ്റര്‍ക്ക് ഒരേസമയം ഒരു കോഴ്‌സ് മാത്രമേ നടത്താന്‍ അനുവാദമുള്ളൂ. ബിരുദ ബിരുദാനന്തര പഠനം നടത്തുന്നവരെ കൂടാതെ റെഗുലറായി പഠിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്കുകൂടി ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതാണ് യു.ജി.സി.യുടെ സഹകരണത്തോടെ 2014ല്‍ മാനവവിഭവശേഷി മന്ത്രാലയം നടപ്പാക്കിയ 'മൂക് 'പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."