പൊലിസിന്റെ കണ്ണുവെട്ടിച്ച് ജയില്‍പ്പുള്ളിക്ക് കഞ്ചാവ് കൈമാറി
കോഴിക്കോട്: കോടതിയില്‍ കേസിനായി കൊണ്ടുവന്ന തടവുപുള്ളിക്ക് പൊലിസിന്റെ കണ്ണുവെട്ടിച്ച് ഒരു സംഘം കഞ്ചാവ് കൈമാറി. സംഘത്തിലെ രണ്ട് പേരെ ഇന്നലെ ജില്ലാ കോടതി വളപ്പില്‍ നിന്ന് പൊലിസ് പിടികൂടിയെങ്കിലും മൂന്ന് പേര്‍ രക്ഷപ്പെട്ടു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് പൊതി കൈമാറിയ ശേഷവും കോടതി പരിസരത്ത് കറങ്ങി നടക്കുകയായിരുന്ന ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലിസുകാര്‍ സംഘത്തിലൊരാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഇയാളെ കൂടുതല്‍ പരിശോധനക്ക് വിധേയനാക്കിയപ്പോള്‍ ധരിച്ചിരുന്ന ചെരിപ്പിനടിയില്‍ നിന്നും കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നുമായി ഒരു കിലോയോളം വരുന്ന കഞ്ചാവ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഇയാളെ ജീപ്പില്‍ കയറ്റുന്നതിനിടെയാണ് പരിസരത്തുണ്ടായിരുന്ന രണ്ടാമനേയും പിടികൂടിയത്.
ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. പൊലിസ് കാവലില്‍ ജയിലില്‍നിന്നെത്തിച്ച നിരവധി കേസുകളില്‍ പ്രതിയായ ആള്‍ക്ക് പിടിയിലായവരില്‍ ഒരാള്‍ സമീപത്തുണ്ടായിരുന്ന പൊലിസുകാരന്റെ കണ്ണുവെട്ടിച്ച് കഞ്ചാവ് പൊതി കൈമാറി. കോടതി വരാന്തയിലെ കസേരയില്‍ ഇരിക്കുകയായിരുന്ന ജയില്‍പ്പുള്ളി കൂടെയിരിക്കുകയായിരുന്ന പൊലിസുകാരന്റെ പിറകിലൂടെ കൈയിട്ടാണ് പൊതി വാങ്ങിയത്.
കഞ്ചാവ് സ്വീകരിച്ച പ്രതിയുടെ കേസ് ആദ്യം വിളിച്ചതിനാല്‍ പത്ത് മിനുട്ടിനകം ഇയാളെ കോടതിയില്‍ നിന്ന് തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പിന്നീടാണ് വില്‍പനക്കെത്തിയവരെ പൊലിസ് പിടികൂടുന്നത്. ജയിലില്‍ നിന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോള്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടാവുന്ന പൊലിസുകാരുടെ അശ്രദ്ധയാണ് ഇത്തരക്കാര്‍ക്ക് സഹായമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരികെ ജയിലിനുള്ളിലെത്തുമ്പോള്‍ കാര്യമായ ശാരീരിക പരിശോധന നടത്താത്തതും ഇവര്‍ക്ക് തുണയാകുന്നു. മലദ്വാരത്തില്‍ ഉള്‍പ്പെടെ ഒളിപ്പിച്ചാണ് ഇവര്‍ ജയിലിനുള്ളിലേക്ക് കഞ്ചാവുമായി കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."