കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാംപ് ഉടന്‍ തുടങ്ങുമെന്ന് ടീം ഉടമകള്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാംപ് ഉടന്‍ തുടങ്ങുമെന്ന് ടീം ഉടമകളിലൊരാളായ പ്രസാദ് പൊട്ട്‌ലൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും ആദ്യഘട്ട ക്യാംപ്. ലീഗിന് മുന്‍പായി വിദേശ താരങ്ങള്‍ ടീമിനൊപ്പം ചേരും. സ്‌പെയിനിലായിരിക്കും ഇത്തവണ ടീമിന്റെ വിദേശ പരിശീലനം. കൊച്ചി അണ്ടര്‍17 ലോകകപ്പ് വേദിയായതിനാല്‍ പരിശീലനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നും അണ്ടര്‍17 ലോകകപ്പിന് ശേഷം പരിശീലന ഗ്രൗണ്ടുകള്‍ വിട്ടുകിട്ടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.എല്‍ മൂന്ന് സീസണുകള്‍ കഴിഞ്ഞെങ്കിലും ടീം മാനേജ്‌മെന്റിന് ഇതു വരെ ലാഭമുണ്ടാക്കാനായിട്ടില്ല. ലാഭമോ നഷ്ടമോ ഇല്ലാത്ത സാഹചര്യം വരാന്‍ പോലും ഇനിയും അഞ്ച് വര്‍ഷത്തോളമെങ്കിലും എടുക്കും. എങ്കിലും ഫുട്‌ബോളിന്റെ വികസനത്തിനായി കൂടുതല്‍ പണം ചെലവഴിക്കാന്‍ ടീം ഉടമകള്‍ സന്നദ്ധരാണ്. കേരളത്തിലെ ഗ്രാസ്‌റൂട്ട് പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. മുഖ്യ പരിശീലകന്‍ റെനി മ്യൂളന്‍സ്റ്റീനിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബുമായുള്ള ബന്ധമാണ് ഇത്തവണ ടീം തിരഞ്ഞെടുപ്പ് സുഗമമാക്കിയത്. നല്ല താരങ്ങളെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. പരിചയ സമ്പത്തും യുവത്വവും സമന്വയിപ്പിച്ചുള്ള ടീമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതാണ് ഇത്തവണ യാഥാര്‍ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീം സി.ഇ.ഒ വരുണ്‍ ത്രിപുരനേനി, സഹ പരിശീലരന്‍ തങ്‌ബോയി സിങ്‌തോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ന് നടക്കുന്ന ആറന്‍മുള വള്ളംകളിക്ക് ആവേശം പകരാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ പേര് ആലേഖനം ചെയ്ത പ്രത്യേകം തയ്യാറാക്കിയ ബോട്ടില്‍ താരങ്ങള്‍ക്കൊപ്പം മൂവരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."