നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷാ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യലിനു വിളിപ്പിച്ചതിന് പിന്നാലെയാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് അനുകൂലമാവുന്ന തരത്തില്‍ തെറ്റായ മൊഴി രേഖപ്പെടുത്താനാണ് പൊലിസ് ശ്രമിക്കുന്നതെന്നും അറസ്റ്റ് ചെയ്യുമെന്ന ഭീഷണി നിലനില്‍ക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കൃത്യത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പിന്നീട് നടന്ന സംഭവങ്ങളെ കുറിച്ച് നാദിര്‍ഷയ്ക്ക് അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലിസ്. ഇതേത്തുടര്‍ന്നാണ് നാദിര്‍ഷയെ വീണ്ടും ചോദ്യംചെയ്യാന്‍ പൊലിസ് തീരുമാനിച്ചത്.
എന്നാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നാദിര്‍ഷ. ചോദ്യം ചെയ്യാനായി ബുധനാഴ്ച ഹാജരാവാന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."