പുഴയില്‍ മുങ്ങിത്താഴ്ന്നവരെ കരകയറ്റി ഫൈസലിന്റെ ധീരത
തൊട്ടില്‍പ്പാലം: പുഴയില്‍ മുങ്ങിത്താഴ്ന്ന കുട്ടിയെയും രക്ഷിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട ആളെയും അതിസാഹസികമായി കരകയറ്റി പ്രവാസി യുവാവിന്റെ ധീരത. കാഞ്ഞിരോളിയിലെ വാഴയില്‍ ഫൈസലാണ് സ്വന്തം ജീവന് പണയംവച്ച് പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി ജീവിതത്തിലേക്കു തിരികെയെത്തിച്ചത്.
ബുധനാഴ്ച വൈകിട്ട് തളീക്കര കാഞ്ഞിരോളിയിലെ തെക്കെവീട്ടില്‍ താഴെ പുഴയിലായിരുന്നു സംഭവം. പുഴയോരത്ത് ഫുട്ബോള്‍ കളിക്കാനെത്തിയ പൈക്കളങ്ങാടിയിലെ മിന്‍ഹാജ്, മിഅ്സല് എന്നിവരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. നീന്തല്‍ അറിയാത്ത ഇവര്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുള്ളവരുടെ ബഹളം കേട്ട് ഓടിയെത്തിയ കാഞ്ഞിരോളി പുതിയോട്ടില്‍ ഹാരിസ് പുഴയിലേക്ക് എടുത്തുചാടി ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിനിടെ ഹാരിസും വെള്ളത്തിലകപ്പെടുകയായിരുന്നു.
ഇതിനിടെ ഫുട്ബോള്‍ കാണാന്‍ സ്ഥലത്തെത്തിയ ഫൈസല്‍ പുഴയരികിലെത്തിയപ്പോഴാണ് രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്ന ദാരുണ കാഴ്ച കണ്ടത്. ഉടന്‍ നന്നായി നീന്തലറിയാവുന്ന ഫൈസല്‍ പുഴയിലേക്കു ചാടുകയും രണ്ടുപേരെയും രക്ഷപ്പെടുത്തുകയുമായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഫൈസലും ആലപ്പുഴയില്‍ കച്ചവടം നടത്തുന്ന ഹാരിസും പെരുന്നാള്‍ അവധിക്കു നാട്ടിലെത്തിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."