പശ്ചിമഘട്ട സംരക്ഷണം: അന്തിമവിജ്ഞാപനം ഒരുവര്‍ഷത്തിനകമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം ഒരുവര്‍ഷത്തിനകം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ദേശീയ ഹരിത കോടതിയെ അറിയിച്ചു. മലബാര്‍ റീജ്യനല്‍ സ്‌മോള്‍ ക്രഷര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ ബെഞ്ച് മുമ്പാകെയാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ആറുമാസത്തിനുള്ളില്‍ അന്തിമവിജ്ഞാപനം ഇറക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇറക്കിയില്ലെന്നും വീണ്ടും വീണ്ടും വിജ്ഞാപനം പുതുക്കുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ ഹരിത കോടതിയെ സമീപിച്ചത്.
എന്നാല്‍, ഈ വര്‍ഷം മാര്‍ച്ചില്‍ പുതുക്കിയ വിജ്ഞാപനത്തിന്റെ കാലാവധി 540 ദിവസമാണെന്നും എങ്കിലും ഒരുവര്‍ഷത്തിനുള്ളില്‍ അന്തിമവിജ്ഞാപനം പുറത്തിറക്കുമെന്നും വനംപരിസ്ഥിതിമന്ത്രാലയം കോടതിയെ അറിയിച്ചു. വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നതിന് 180 ദിവസം മുമ്പ് തന്നെ അന്തിമ വിജ്ഞാപനം ഇറക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ സംതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് സ്വതന്ത്രകുമാര്‍, അപ്പോള്‍ നിങ്ങള്‍ക്കു കാലാവധി കുറയ്ക്കാനും കഴിയുമല്ലേയെന്നു ചോദിക്കുകയുംചെയ്തു. അന്തിമവിജ്ഞാപനം അല്‍പം നേരത്തെ ഇറക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ ഹരജി തീര്‍പ്പാക്കിയതായി ഹരിത കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."