ഖത്തര്‍ അമീര്‍ ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച ചെയ്തു. ഗള്‍ഫ് പ്രതിസന്ധിയിന്‍ മധ്യസ്ഥതയ്ക്കുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപ് അമീറുമായി ടെലിഫോണില്‍ സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്. നേരത്തെ സഊദി സല്‍മാന്‍ രാജാവുമായും ട്രംപ് ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാഹചര്യങ്ങളും നിലവിലെ സംഭവവികാസങ്ങളും നിലവിലെ സാഹചര്യങ്ങളും ഖത്തര്‍ അമീറും ട്രംപും ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന മധ്യസ്ഥശ്രമങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
കുവൈത്ത് അമീറുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ട്രംപ് അമീറിനെ ധരിപ്പിച്ചു. കുവൈത്ത് അമീര്‍ നടത്തുന്ന ശ്രമങ്ങളെയും പ്രതിസന്ധി പരിഹരിക്കാന്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകളെയും അമീര്‍ പ്രശംസിച്ചു. ജി.സി.സി ഐക്യം ഉറപ്പാക്കുന്നതിന് ചര്‍ച്ചയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് ആവശ്യമാണെന്ന ട്രംപിന്റെ നിലപാടും അമീര്‍ സ്വാഗതം ചെയ്തു.
രാജ്യങ്ങളുടെ പരമാധികാരത്തെ ബാധിക്കാത്ത തരത്തില്‍ നിര്‍മാണാത്മക ചര്‍ച്ചയിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്ന ഖത്തറിന്റെ നിലപാടും അമീര്‍ വ്യക്തമാക്കി. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് മധ്യസ്ഥതയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച ട്രംപ് ഇക്കാര്യത്തില്‍ തന്റെ പ്രതിബദ്ധതയും വിശദീകരിച്ചു.
തീവ്രവാദത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ ഐക്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ട്രംപ് ഊന്നിപ്പറഞ്ഞു. വിവിധ മേഖലകളില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ചകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."