ചെര്‍ക്കള-കല്ലടുക്ക റൂട്ടില്‍ സ്വകാര്യ ബസുകള്‍ 11 മുതല്‍ ഓട്ടം നിര്‍ത്തും
ബദിയടുക്ക: തകര്‍ന്നു തരിപ്പണമായി വാഹനയാത്ര ദുസ്സഹമായ ചെര്‍ക്കള കല്ലടുക്ക റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് ഈ റൂട്ടിലോടുന്ന മുഴുവന്‍ സ്വകാര്യ ബസുകളും 11 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.
ചെര്‍ക്കള മുതല്‍ അഡ്ക്കസ്ഥല വരെ മഴയൊന്നു പെയ്താല്‍ റോഡും കുഴിയും തിരിച്ചറിയാനാകാതെ വാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പെടുന്നു.
അതിനാല്‍ റോഡിലെ കുഴിയെങ്കിലും അടച്ച് ഗതാഗത യോഗ്യമാക്കണമെന്നാണു ബസ് തൊഴിലാളികളുടെ ആവശ്യം. നിരവധി തവണ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും വേറിട്ട സമരങ്ങളും ഏറ്റവും ഒടുവില്‍ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ കരച്ചില്‍ സമരം നടത്തിയിട്ടും ഫലമുണ്ടായില്ല.
2016-17 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ റോഡ് മെക്കാഡം ചെയ്യുന്നതിനായി 30 കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. 30 കോടി രൂപയുടെ റോഡ് പ്രവൃത്തി നടത്തുന്നതിനുള്ള ഭരണാനുമതി ലഭിച്ചതല്ലാതെ സങ്കേതിക അനുമതിയോ ടെന്‍ഡര്‍ നടപടികളോ പൂര്‍ത്തീകരിക്കാന്‍ തയാറാവാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ആരോപണമുയരുന്നത്.
സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാലസമരത്തിനു പിന്നലെ ബി.ജെ.പിയും 13 മുതല്‍ 19 വരെ വിവിധ സ്ഥലങ്ങളിലായി റോഡ് ഉപരോധ സമരം നടത്തും. 13നു രാവിലെ 9.30നു ചെര്‍ക്കളയില്‍ നടക്കുന്ന റോഡ് ഉപരോധ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും.
ഏറ്റവും എളുപ്പത്തില്‍ കര്‍ണാടകയിലെ പുത്തൂരുമായി ബന്ധിപ്പിക്കുന്ന ബദിയടുക്ക ഏത്തടുക്ക കിന്നിംഗാര്‍ റോഡിന്റെ സ്ഥിതിയും മറിച്ചല്ല.
11നു ചെര്‍ക്കള-കല്ലടുക്ക റൂട്ടില്‍ ബസ് സര്‍വിസ് നിര്‍ത്തിവെക്കുന്ന അതേ ദിവസം തന്നെ ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ റോഡില്‍ സമരം നടത്തുന്നതിനെ കുറിച്ചും ഓട്ടോ തൊഴിലാളികളും നാട്ടുകാരും ആലോചനാ യോഗം നടത്തും.
അനിശ്ചിത കാലം സമരം പ്രാബല്യത്തിലായാല്‍ മലയോര മേഖല തീര്‍ത്തും ഒറ്റപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."