ചരിത്രശേഷിപ്പായി 1973ലെ ജലോത്സവ നോട്ടിസ്
ചെറുവത്തൂര്‍: കരയിലും പുഴയിലും ആവേശത്തിരയിളക്കുന്ന ഉത്തരമലബാര്‍ ജലോത്സവത്തിന്റെ ചരിത്രം വിളിച്ചോതി 1973 ലെ ജലോത്സവ നോട്ടിസ്. വക്കത്തോണിയില്‍ നിന്നു ചുരുളന്‍ വള്ളങ്ങളിലെത്തി നില്‍ക്കുന്ന ജലമാമാങ്കത്തിന്റെ ആദ്യ സമ്മാനം അന്‍പതു രൂപയും റോളിങ് ട്രോഫിയുമാണ്. 1958ല്‍ കാര്യങ്കോട് പുഴയില്‍ കിഴക്കേമുറിയില്‍ നടന്ന ഒരാള്‍ തുഴയും വള്ളംകളി മത്സരത്തില്‍ നിന്നാണ് ഒന്നിലധികം പേര്‍ തുഴയുന്ന വള്ളംകളി മത്സരം എന്ന ആശയം രൂപപ്പെട്ടത്.
അധ്യാപകനായിരുന്ന കുണ്ടഞ്ഞണ്ടണ്ടിണ്ടണ്ടരാമനായിരുന്നു അന്നത്തെ മുഖ്യസംഘാടകന്‍. നീണ്ട ഇടവേളയ്ക്കു ശേഷം 1973 സെപ്റ്റംബര്‍ ഒന്‍പതിനു തിരുവോണം നാളില്‍ തേജസ്വിനിയില്‍ അഞ്ചുപേര്‍ തുഴയും വള്ളംകളി ആവേശം വിതറി. പതിവായി നടന്നു വന്നിരുന്ന ബീഡി തെറുപ്പു പോലുള്ള മത്സരങ്ങള്‍ക്കൊപ്പം നടന്ന വള്ളംകളി അന്നു പുതുമയും ആവേശവും നിറച്ചു. ചെറുവത്തൂര്‍ എന്‍.എ.എസ് ക്ലബായിരുന്നു സംഘാടകര്‍. സ്വാതന്ത്ര്യ സമര സേനാനി മയ്യങ്ങാനം ചിരുകണ്ഠന്റെ സ്മരണക്കായുള്ള റോളിങ് ട്രോഫിയും അന്‍പതു രൂപയുമായിരുന്നു ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം.
അന്നത്തെ ഓണാഘോഷ നോട്ടിസ് ചിതലരിക്കാതെ ജലോത്സവത്തിന്റെ ചരിത്രം പറയുന്നുണ്ട്. എന്‍.എ.എസ് ക്ലബിനു പിന്നാലെ മയ്യിച്ച ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഏഴുവര്‍ഷം തുടര്‍ച്ചയായി കാര്യങ്കോട് പുഴയില്‍ വള്ളം കളി മത്സരത്തിന് ആതിഥേയത്വം വഹിച്ചു. തുടര്‍ന്നു മൂന്നു വര്‍ഷം ഉദയാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നേതൃത്വം നല്‍കി.
വള്ളംകളി സംഘാടനത്തിലെ സാമ്പത്തിക ബാധ്യത താങ്ങാനാവാതെ ക്ലബുകള്‍ ഓരോന്നും പിന്നാക്കം പോയപ്പോള്‍ ഒരുവര്‍ഷം സംഘാടകരായി മര്‍ച്ചന്റ് അസോസിയേഷനും രംഗത്തെത്തി. വള്ളംകളി മത്സരത്തിന്റെ സംഘാടനം പലകൈകളിലൂടെ മാറിമറിഞ്ഞു ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ജനകീയ സംഘാടക സമിതിയുടെ ചുമതലയിലായപ്പോള്‍ വള്ളംകളിയുടെ അലകും പിടിയും മാറി. വള്ളംകളിയിലെ ഇനങ്ങള്‍ 15ഉം 25ഉം ആള്‍ തുഴയും മത്സരങ്ങളായി. വള്ളംകളി ജലോത്സവമായി മാറി.
ജനസഹസ്രങ്ങളെ ആവേശത്തേരിലേറ്റുന്ന ജനകീയോത്സവത്തിനൊടുവില്‍ ജലരാജാക്കന്മാരാകുന്നവര്‍ക്കു പ്രൈസ് മണിയായി ലഭിക്കുന്ന തുകയിലും വര്‍ധനവുണ്ടായി. ഇത്തവണ ഗാന്ധി ജയന്തി ദിനത്തില്‍ കാര്യങ്കോട് നടക്കുന്ന ജലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണു നടന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."