'ശ്രീജിത്ത്, നിന്റെ ധീരതയ്ക്ക് അഭിനന്ദനങ്ങള്‍'
താനൂര്‍: കാല്‍വഴുതി ആഴമേറിയ കിണറ്റില്‍വീണ പെണ്‍കുട്ടിയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് അയല്‍വാസിയായ വിദ്യാര്‍ഥിയുടെ അസാമാന്യ ധീരത. മോര്യയിലെ എരഞ്ഞോളി കോയയുടെയും നസീമയുടെയും മകളായ അഫ്‌ലിദയാണ് കഴിഞ്ഞ ദിവസം വെള്ളം മുക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്.
കിണറിന് ആള്‍മറയില്ലാത്തതിനാല്‍ കാല്‍ വഴുതുകയായിരുന്നു. അഫ്‌ലിദ കിണറ്റിലേക്കു വീഴുന്നതു കണ്ട അയല്‍വാസിയായ പ്ലസ്ടു വിദ്യാര്‍ഥി ശ്രീജിത്ത് അസാധാരണ ധീരതയോടെ ഓടിയെത്തി കിണറ്റിലേക്ക് എടുത്തുചാടി. കിണറ്റില്‍ വീണ അഫ്‌ലിദ നിലകിട്ടാതെ മുങ്ങിത്താഴുന്നതിനിടെയാണ് ജീവന്‍ പണയപ്പെടുത്തി ശ്രീജിത്ത് കിണറ്റിലേക്കു ചാടിയത്. കിണറ്റില്‍ മൂന്നാളുയരത്തില്‍ വെള്ളമുണ്ട്.
അഫ്‌ലിദയെ സാഹസപ്പെട്ടു പൊക്കിയെടുത്ത ശ്രീജിത് മോട്ടോര്‍ പമ്പ്‌സെറ്റിന്റെ പൈപ്പുമായി കൂട്ടിച്ചേര്‍ത്തു പിടിച്ചു. പിന്നെ പുറത്തുള്ളവരെ അറിയിക്കാന്‍ ശ്രീജിത്ത് ഒച്ചവച്ചു. അപ്പോഴേക്കും നാട്ടുകാരും ഓടിക്കൂടിയെത്തി. മോര്യയിലെ പുളിക്കല്‍ രാമചന്ദ്രന്റെയും സുജാതയുടെയും മകനാണ് ശ്രീജിത്ത്. അഫ്‌ലിദ തെയ്യാലിങ്ങല്‍ സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും ശ്രീജിത്ത് പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമാണ്. ശ്രീജിത്തിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."