സ്വയം മറന്ന് ജനം : കണ്ണിമയ്ക്കാതെ പൊലിസ്
തിരുവനന്തപുരം: സ്തുത്യര്‍ഹമായ പൊലിസിങ്ങിന് ജനങ്ങളുടെ കൈയ്യടി. ആഘോഷ രാവുകളിലേക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍... ഒപ്പം സ്ത്രീകളും കുരുന്നുകളും...
രാവെളുക്കെ നീളുന്ന ആഘോഷ പരിപാടികളില്‍ അവര്‍ക്ക് സ്വയം മറന്ന് ആനന്ദിക്കാനായത് പൊലിസിന്റെ കരുതലും സുരക്ഷയും കാരണം. മുപ്പതോളം വേദികള്‍.എങ്ങും ഉത്സവാന്തരീക്ഷം. ജനം സ്വയംമറന്ന് നിന്നപ്പോഴും അഹിതമായൊതൊന്നും നഗരത്തില്‍ സംഭവിച്ചില്ല.
ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തില്ല. അതിന് നന്ദി പറയേണ്ടത് കേരളപൊലിസിലെ മിടുക്കന്‍മാരായ ഉദ്യോഗസ്ഥര്‍ക്കാണ്.
കൃത്യമായ ആസൂത്രണത്തിലൂടെയും അതിലും കൃത്യമായ അര്‍പ്പണബോധത്തോടെയും 2000ത്തിലധികം വരുന്ന പൊലിസുകാര്‍ കണ്ണിമയ്ക്കാതെ കാവല്‍ നിന്നാണ് നഗരത്തിന് സുരക്ഷ ഒരുക്കിയത്.
ആഘോഷവേദികളിലെത്താത്തവരെ ഈ തിരക്കൊന്നും ബാധിക്കാതിരിക്കാനും ഗതാഗതകുരുക്കുകള്‍ ഒഴിവാക്കാനും സ്റ്റാറും പദവിയും നോക്കാതെയാണ് പൊലിസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയത്. ചെറിയൊരു ജാഥയ്ക്ക് മുന്നില്‍ ഗതാഗതം താറുമാറാകുന്ന നാട്ടില്‍ ഈ ഏഴു ദിവസവും പ്രധാന വീഥിയിലെവിടെയും തടസ്സങ്ങളുണ്ടായില്ല. റോഡരികിലെ പാര്‍ക്കിങ്ങിനും കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയത്. ഓണാഘോഷം നടക്കുന്ന 30 വേദികളെ അഞ്ച് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാക്രമീകരണം നടത്തിയത്്.
സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ ഈ അഞ്ച് ഡിവിഷനുകളിലായി 1700 ഓളം പൊലിസുകാരും, ഷാഡോ, മഫ്തി, പിങ്ക് വിഭാഗങ്ങളും സുരക്ഷയ്ക്കായി രംഗത്തെത്തി.
നൂറോളം കാമറകളും ഹെലിക്യാം നിരീക്ഷണവും സുരക്ഷയ്ക്കായി സജ്ജീകരിച്ചു.
പ്രധാനവേദിയായ കനകക്കുന്നില്‍ 30 കാമറകളാണ് സ്ഥാപിച്ചത്. പകലും രാത്രിയും ഇടറോഡുകള്‍ പരിശോധിക്കുന്നതിന് ബൈക്ക് ബൂസ്റ്റര്‍ സ്ഥിരമായി പട്രോളിങ്ങ് നടത്തി.
സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പൊലിസും രംഗത്തെത്തി. തിരുവോണം അവിട്ടം നാളുകളില്‍ 30 റിസര്‍വ് പൊലിസ് സേനയെ വിന്യസിച്ചതായി കമ്മിഷണര്‍ അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളുടെ പൂര്‍ണപിന്തുണയും സഹകരണവും പൊലിസിന് ലഭിച്ചത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധനയും നടത്തുന്നുണ്ട്. ഉത്സവനഗരിയില്‍ ജനങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കും അനൗണ്‍സ്‌മെന്റും ഒരുക്കാനും പൊലിസ് മറന്നില്ല.
കളഞ്ഞു പോയ സാധനങ്ങള്‍ വീണ്ടെടുത്തു കൊടുക്കാനും കൂട്ടം തെറ്റിയവരെ പരസ്പരം യോജിപ്പിക്കാനും ഈ ഹെല്‍പ് ഡെസ്‌കുകള്‍ക്കും അനൗണ്‍സ്‌മെന്റുകള്‍ക്കും കഴിഞ്ഞുവെന്നതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."