ദുരൂഹത നിറഞ്ഞ് ദേര സച്ച ആസ്ഥാനം: ഗുര്‍മീതിന്റെ വസതിയില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം
സിര്‍സ: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ സിര്‍സയിലെ ആശ്രമത്തില്‍ വെള്ളിയാഴ്ച തുടങ്ങിയ പരിശോധന ഇന്നലെയും തുടര്‍ന്നു. പരിശോധനയില്‍ തികച്ചും ദുരൂഹത നിറഞ്ഞതാണ് ഇവിടമെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയത്. വന്‍സുരക്ഷാ സന്നാഹങ്ങളോടെ നടത്തുന്ന പരിശോധനയില്‍ ആശ്രമവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഒന്നൊന്നായി ചുരുളഴിയുകയാണ്.
പരിശോധനയില്‍ ഏറ്റവും ശ്രദ്ധേയമായ രണ്ട് സംഭവങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതിലൊന്ന് സ്‌ഫോടക നിര്‍മാണ ശാലയാണ്. ഇവിടെ നിന്ന് 85 പെട്ടി സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫാക്ടറി പൂട്ടി സീല്‍ ചെയ്തതായി അന്വേഷക സംഘം അറിയിച്ചു.
വിവിധ ആഘോഷങ്ങള്‍ക്കായി പടക്കം, കമ്പിത്തിരി പോലുള്ളവ നിര്‍മിക്കാനാണ് ഫാക്ടറി സ്ഥാപിച്ചതെന്നാണ് ദേര അനുയായികള്‍ മൊഴി നല്‍കിയതെങ്കിലും ഇവ ആയുധ നിര്‍മാണത്തിനുവേണ്ടിയുള്ളതായിരുന്നോ എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. പരിശോധന സംഘത്തോടൊപ്പമുള്ള ഫോറന്‍സിക് വിദഗ്ധര്‍ ഇവ പരിശോധിക്കുകയാണ്.
പരിശോധനയില്‍ കണ്ടെത്തിയ മറ്റൊന്ന് രണ്ട് രഹസ്യ തുരങ്കങ്ങളാണ്. ഗുര്‍മീതിന്റെ സ്വകാര്യ വസതിയില്‍ നിന്ന് ആരംഭിച്ച് വനിതാ ഹോസ്റ്റലിലേക്കാണ് ഒരു തുരങ്കമെങ്കില്‍ മറ്റൊന്ന് ആശ്രമത്തില്‍ നിന്ന് നഗരത്തിലേക്ക് തുറക്കുന്നതാണ്. ഇതിന് അഞ്ച് കി.മീറ്റര്‍ നീളമുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാവുകയാണെങ്കില്‍ രക്ഷപ്പെടാനുള്ള മാര്‍ഗമായിരിക്കാം ഇതെന്നാണ് ഹരിയാന സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് സതിശ് ശര്‍മ അറിയിച്ചത്.
ആശ്രമത്തിനുള്ളില്‍ അത്യാഡംബര കെട്ടിടങ്ങളും പാരിസിലെ ഈഫല്‍ ടവര്‍, ആഗ്രയിലെ താജ്മഹല്‍, ഫ്‌ളോറിഡയിലെ ഡിസ്‌നി വേള്‍ഡ്, മോസ്‌കോയിലെ ക്രെംലിന്‍ കൊട്ടാരം തുടങ്ങിയവയുടെ സമാനമായ രീതിയിലും വലിപ്പത്തിലുമുള്ള നിര്‍മിതികളും കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷോപ്പിങ് മാള്‍, ആശുപത്രി, സ്റ്റേഡിയം, സിനിമാ തിയറ്ററുകള്‍ തുടങ്ങിയവയും ആശ്രമത്തിലുണ്ട്. ഈ തിയറ്ററുകളില്‍ ഗുര്‍മീത് അഭിനയിച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കാറുള്ളത്.
പരിശോധകര്‍ക്ക് ഗുര്‍മീതിന്റെ നൂറുകണക്കിന് പാദരക്ഷകള്‍, പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍, വ്യത്യസ്ത നിറങ്ങളിലുള്ള തൊപ്പികള്‍ തുടങ്ങിയവ കണ്ടെത്താനായിട്ടുണ്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ദേര സച്ച സൗദ ആസ്ഥാനം ഒഴിപ്പിച്ച് പരിശോധന നടത്താന്‍ ഉത്തരവിട്ടത്.
മുന്‍ജഡ്ജികൂടിയായ എ.കെ.എസ് പവാറിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടത്തുന്നത്. ഇവര്‍ക്ക് സൗകര്യമൊരുക്കാന്‍ പൊലിസ്, അര്‍ധ സൈനിക വിഭാഗം എന്നിവരുമുണ്ട്. പരിശോധന പകര്‍ത്താനായി 50 വിഡിയോ ഗ്രാഫര്‍മാര്‍, മണ്ണ് കുഴിച്ച് പരിശോധിക്കുന്നതിനായി യന്ത്രങ്ങളും തൊഴിലാളികളും, പരിശോധന പൂര്‍ത്തിയായ ഭാഗങ്ങള്‍ പൂട്ടി സീല്‍ ചെയ്യുന്നതിനുള്ള ജീവനക്കാര്‍ എന്നിവരുമായാണ് അന്വേഷണ സംഘം ദേര ആസ്ഥാനത്ത് എത്തിയിട്ടുള്ളത്.
വെള്ളിയാഴ്ചത്തെ പരിശോധനയില്‍ ഇന്ത്യന്‍ കറന്‍സി, ദേര ആസ്ഥാനത്തുമാത്രം കൈമാറ്റം ചെയ്യപ്പെട്ട പ്ലാസ്റ്റിക് നാണയങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍, കമ്പ്യൂട്ടറുകള്‍, ആഡംബര കാറുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. പരിശോധന സമാധാനപരമായി നടക്കാനായി സിര്‍സ മേഖലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി തടയുകയും ചെയ്തിട്ടുണ്ട്.
രേഖകളില്ലാതെ 14 മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിക്ക് കൈമാറി
ലഖ്‌നൗ: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാമിനെതിരായ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. മതിയായ രേഖകളില്ലാതെ 14 മൃതദേഹങ്ങള്‍ യു.പിയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജായ ജി.സി.ആര്‍.ജി മെഡിക്കല്‍ സയന്‍സസിന് ദേര ആസ്ഥാനത്ത് നിന്ന് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ദേര ആസ്ഥാനം ഒഴിപ്പിക്കുന്ന നടപടിയുമായി ഹരിയാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് ഈ നിര്‍ണായക വിവരം പുറത്തുവന്നത്. ഇത്തരമൊരു കൈമാറ്റം നടക്കുമ്പോള്‍ ആവശ്യമായ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളോ ഹരിയാന സര്‍ക്കാരിന്റെ അനുവാദമോ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
ജി.സി.ആര്‍.ജിക്ക് അംഗീകാരം നല്‍കിയതിനെതിരേ പരാതി ഉയര്‍ന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അലഹബാദ് ഹൈക്കോടതി രൂപീകരിച്ച കമ്മിറ്റിയാണ് മൃതദേഹങ്ങള്‍ ലഭിച്ചതിലെ ദുരൂഹത സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ ആശ്രമത്തില്‍ പരിശോധന നടത്തുമെന്ന വിവരം ലഭിച്ചതോടെ ദേര സച്ച സൗദ അനുയായികളുടെ മൃതദേഹങ്ങള്‍ ആശ്രമത്തിനുള്ളില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് സംഘടനയുടെ മുഖപത്രമായ 'സാച്ച് കഹൂന്‍' വെളിപ്പെടുത്തിയിരുന്നു. മരിക്കുന്ന അനുയായികളുടെ മൃതദേഹങ്ങള്‍ പുഴയിലും മറ്റും ഒഴുക്കുന്നത് മലിനീകരണത്തിന് കാരണമാകുമെന്നതിനാല്‍ ഇവ സംസ്‌കരിക്കുന്നതിന് ആസ്ഥാനത്തിനുള്ളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നുവെന്നും മുഖംപത്രം വെളിപ്പെടുത്തിയിരുന്നു.
ആശ്രമത്തിനുള്ളില്‍ ഗുര്‍മീതിന്റെ നടപടികളെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ ആശ്രമത്തിനുള്ളില്‍ അടക്കം ചെയ്യാറുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് മതിയായ രേഖകളില്ലാതെ 14 മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജിന് നല്‍കിയതായ വിവരം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."