മോദിയുടെ പ്രസംഗം ഇന്ന് കോളജുകളില്‍: നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംഘ്പരിവാര്‍ ആചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രഭാഷണം രാജ്യത്തെ കോളജുകളില്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന കേന്ദ്രസര്‍ക്കുലറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയില്ല. ഇതില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പുള്ളതിനാല്‍ കാംപസുകളില്‍ പ്രതിഷേധ സാധ്യത എങ്ങനെ ഒഴിവാക്കാമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത അവസ്ഥയിലാണ് അധികൃതര്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം തള്ളിയിട്ടും കേരള സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
മോദിയുടെ പ്രസംഗം കോളജ് വിദ്യാര്‍ഥികളെ കേള്‍പ്പിക്കണമെന്നും അതിനായി സ്‌ക്രീനും പ്രൊജക്ടറും സ്ഥാപിക്കണമെന്നും യു.ജി.സിയുടെയും എ.ഐ.സി.ടി.ഇയുടെയും സര്‍ക്കുലറില്‍ പറയുന്നു. ഇന്നു നടപ്പാക്കേണ്ട കാര്യത്തില്‍ ഇന്നലെ രാത്രി വരെ യാതൊരു നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്കു നല്‍കിയിട്ടില്ല. മോദിയുടെ നീക്കം കലാലയങ്ങളെ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയാണ് പശ്ചിമബംഗാളിലെ മമത സര്‍ക്കാര്‍ യു.ജി.സി നിര്‍ദേശം തള്ളിയത്. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്ര സര്‍ക്കാരിനു തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്ന് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കുകയും ചെയ്തിരുന്നു.
യു.ജി.സിയുടെയും എ.ഐ.സി.ടി.ഇയുടെയും ഉത്തരവ് അവര്‍ക്കു കീഴിലുള്ള 40,000ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബാധകമാണ്്. സര്‍ക്കുലര്‍ പ്രകാരം ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലുമടക്കം പ്രഭാഷണം പ്രദര്‍ശിപ്പിക്കണം. പ്രസംഗം ഇന്ത്യയിലെ എല്ലാ കോളജുകളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികളെ നിര്‍ബന്ധമായും കേള്‍പ്പിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ഥികള്‍ എത്തുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."