കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ അഭിനന്ദിക്കാന്‍ ഒന്നുമില്ല: വി.എസ്
തിരുവനന്തപുരം: അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ അഭിനന്ദിക്കാന്‍ ഒന്നുമില്ലെന്ന് വി.എസ് അച്യുതാനന്ദന്. ഒരു ഇടതുപക്ഷ സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്ത് ഫാസിസം നടപ്പാക്കുന്നതിന്റെ ചാലകശക്തിയായും ചട്ടുകമായും ഒരിക്കലും ഒരു ഇടതുപക്ഷ സഹയാത്രികന് മാറരുത്. വ്യക്തിപരമായ സ്ഥാനത്തേക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്നു തിരിച്ചറിയേണ്ട സന്ദര്‍ഭത്തില്‍ കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലേക്ക് ചേക്കേറിയത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണെന്നും വി.എസ് പറഞ്ഞു.
ഈ പ്രവൃത്തിയില്‍ അഭിനന്ദനീയമായി ഒന്നുമില്ല. മാത്രവുമല്ല സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന തിരിച്ചറിവുകൂടിയാണ് ഇത് ഇടതുപക്ഷത്തിനു നല്‍കുന്നത്. തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ഫാസിസത്തോട് സന്ധിചെയ്യുകയാണ് കണ്ണന്താനം ചെയ്തതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. കണ്ണന്താനത്തെ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു സല്‍ക്കരിച്ചത് വിവാദമായ സാഹചര്യത്തിലാണ് വി.എസിന്റെ പ്രസ്താവന.
കൂടാതെ ഈ മാസം 15ന് കണ്ണന്താനത്തിന് കാഞ്ഞിരപ്പള്ളി പൗരാവലി നല്കാന് നിശ്ചയിച്ച സ്വീകരണത്തില്‍ മന്ത്രി എം.എം മണി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുടങ്ങിയ ഇടതു നേതാക്കള്‍ പങ്കെടുക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."