യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്ലൊവാനെ സ്റ്റീഫന്‍സിന്
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സ്ലൊവാനെ സ്റ്റീഫന്‍സിന്. അമേരിക്കന്‍ താരങ്ങള്‍ തമ്മില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ മാഡിസന്‍ കീസിനെ അനായാസം വീഴ്ത്തിയാണ് സ്റ്റീഫന്‍സിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം.
സീഡിങില്ലാതെ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന അഞ്ചാമത്തെ താരമായി ഇതോടെ സ്റ്റീഫന്‍സ് മാറി. സീഡിങില്ലാതെ യു.എസ് ഓപണ്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമായും സ്റ്റീഫന്‍സ് മാറി. നേരത്തെ കിം ക്ലൈസ്റ്റേഴ്‌സാണ് സീഡിങില്ലാതെ ഇവിടെ കിരീടം ഉയര്‍ത്തിയത്. 2002ന് ആദ്യമായാണ് യു.എസ് ഓപണ്‍ വനിതാ പോരാട്ടത്തിന്റെ ഫൈനലില്‍ അമേരിക്കന്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.
വെറ്ററന്‍ താരം വീനസ് വില്ല്യംസിനെ അട്ടിമറിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തില്‍ കളിച്ച സ്റ്റീഫന്‍സ് മാഡിസന്‍ കീസിനെ നിഷ്പ്രഭമാക്കിയാണ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 6-3, 6-0. ആദ്യ സെറ്റില്‍ മൂന്ന് പോയിന്റ് നേടിയതൊഴിച്ചാല്‍ കീസ് ചിത്രത്തില്‍ നിന്ന് പുറത്തായിരുന്നു. രണ്ടാം സെറ്റില്‍ ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെയാണ് സ്റ്റീഫന്‍സിന്റെ നേട്ടം.
പരുക്കിനെ തുടര്‍ന്ന് 11 മാസം കളത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് സ്റ്റീഫന്‍സിന്റെ ഉജ്ജ്വല തിരിച്ചുവരവ്. പരുക്ക് മാറി മത്സര രംഗത്തെത്തിയ ശേഷം 17 മത്സരങ്ങളില്‍ 15ഉം വിജയിച്ചാണ് താരം മുന്നേറിയത്. 2013ല്‍ ആസ്‌ത്രേലിയന്‍ ഓപണിന്റെ സെമിയിലെത്തിയതായിരുന്നു ഇതുവരെയുള്ള താരത്തിന്റെ മികച്ച ഗ്രാന്‍ഡ് സ്ലാം നേട്ടം. നടാടെ ഒരു ഗ്രാന്‍ഡ് സ്ലാമിന്റെ ഫൈനലിലെത്തിയ സ്റ്റീഫന്‍സ് അത് കിരീട നേട്ടത്തോടെ ആഘോഷിക്കുകയാണ്.
കിരീട നേട്ടത്തോടെ സ്റ്റീഫന്‍സ് റാങ്കിങിലും മുന്നേറ്റം നടത്തി. താരം 17ാം റാങ്കിലേക്ക് കുതിച്ച് കയറി. ഫൈനലിലെത്തിയ മാഡിസന്‍ കീസും കരിയറിലെ മികച്ച റാങ്ക് സ്വന്തമാക്കി. താരം 12ാം സ്ഥാനത്ത്.
മിക്‌സഡ് ഡബിള്‍സ് കിരീടം ഹിംഗിസ്- മുറെ സഖ്യത്തിന്
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ടിന ഹിംഗിസും ബ്രിട്ടന്റെ ജാമി മുറെയും ചേര്‍ന്ന സഖ്യത്തിന്. ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ മിഷേല്‍ വീനസ്- തായ്‌വന്റെ ചാന്‍ ഹോ ചിങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഹിംഗിസ്- മുറെ സഖ്യത്തിന്റെ കിരീട നേട്ടം. സ്‌കോര്‍: 6-1, 4-6, 10-8.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."