പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം മാലിന്യ സൂക്ഷിപ്പുകേന്ദ്രം
കൊയിലാണ്ടി: കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം മാലിന്യ സൂക്ഷിപ്പ് കേന്ദ്രമാകുന്നു. കെട്ടിടത്തിന്റെ താഴത്തെനിലയിലും, മുകള്‍ നിലയിലുമായി നൂറ് കണക്കിന് ചാക്കുകളില്‍ മാലിന്യങ്ങള്‍ കെട്ടികിടക്കുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടിജന്‍സി ജീവനക്കാര്‍ നീക്കം ചെയ്ത മാലിന്യങ്ങളാണ് ചാക്കുകെട്ടുകളിലാക്കി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. മാസങ്ങള്‍ പിന്നിട്ടിട്ടും ഇവ നീക്കം ചെയ്യാന്‍ നഗരസഭ നടപടിയെടുത്തിട്ടില്ല.
കൊയിലാണ്ടിയിലും, പരിസര പ്രദേശങ്ങളും പകര്‍ച്ചവ്യാധി രോഗങ്ങളും, ഡെങ്കിപനിയും കാരണം കടുത്ത ഭീഷണിയിലാണ്. പ്രതിദിനം നൂറ് കണക്കിനാളുകളാണ് പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ട് ചികിത്സ തേടി താലൂക്ക് ആശുപത്രിയിലെത്തുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ജനത്തിന് ആശങ്കയുണ്ടാക്കുന്നതിനിടയിലാണ് നൂറ് കണക്കിന് കെട്ടുകളിലായി മാലിന്യ വസ്തുക്കള്‍ നഗരഹൃദയഭാഗത്ത് കെട്ടികിടക്കുന്നത്. കെട്ടിടത്തിനുള്ളിലെ ചാക്കുകെട്ടുകള്‍ക്കിടയില്‍ തെരുവ് പട്ടികള്‍ വിഹരിക്കുന്നുണ്ട്. പട്ടികള്‍ കടിപിടി കൂടുകയും ചാക്കുകെട്ടുകളിലെ മാലിന്യങ്ങള്‍ കടിച്ച് വലിക്കുന്നതും കാരണം പരിസരത്ത് മാലിന്യങ്ങള്‍ പരക്കുന്നുണ്ട്.
പകര്‍ച്ചവ്യാധികള്‍ പടരുകയും പനിബാധിതര്‍ അധികരിക്കുകയും ചെയ്തിട്ടും കെട്ടിടത്തിലെ മാലിന്യ കെട്ടുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തത് യാത്രക്കാര്‍ക്കും നഗരത്തിലെ വ്യാപാരികള്‍ക്കും പ്രശ്‌നമാകുന്നു. കാല പഴക്കവും, കെട്ടിടത്തിന്റെ സുരക്ഷിതത്വ കുറവും കാരണം അപകട ഭീഷണി നിലനില്‍ക്കുന്ന പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് നീക്കാന്‍ നഗരസഭ നടപടിയാക്കിയതാണ്.
എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടം പൊളിച്ച് നീക്കിയിട്ടില്ല. പബ്ലിക്ക് ലൈബ്രറിയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്ന് വീണ കാരണത്താലാണ് കെട്ടിടം അടിയന്തരമായി പൊളിച്ച് നീക്കുന്നതിന് നഗരസഭ തീരുമാനമെടുത്തത്. കെട്ടിടത്തിന്റെ താഴത്ത നിലയിലും, ഒന്നാം നിലയിലും നൂറ് കണക്കിന് മാലിന്യ കെട്ടുകളാണ് സൂക്ഷിച്ചിരിക്കുന്നത്.
നഗരഹൃദയഭാഗത്ത് അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടം പൊളിച്ച് നീക്കണമെന്നും കെട്ടിടത്തിനുള്ളിലെ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."