റോ-റോ സര്‍വീസ്; ജനപ്രതിനിധികളുടെയും കക്ഷിനേതാക്കളുടെയും യോഗം ഇന്ന്
കൊച്ചി: റോ-റോ ജങ്കാര്‍ സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ജനപ്രതിനിധികളുടെയും കക്ഷിനേതാക്കളുടെയും യോഗം വിളിക്കുമെന്ന് കൊച്ചി നഗരസഭ മേയര്‍ സൗമിനി ജെയിന്‍. റോ-റോ സര്‍വീസിനായുള്ള മൂറിംഗ് ജെട്ടിക്ക് വേണ്ടി നിലവിലെ ജങ്കാര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന കാര്യം ആലോചിക്കുന്നതിനായാണ് യോഗം ചേരുന്നത്.
കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച റോറോ ജങ്കാര്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികളുടെ അനാസ്ഥമൂലം സര്‍വീസ് ആരംഭിക്കാതെ കപ്പല്‍ശാലയില്‍ കിടക്കുന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച സാഹചര്യത്തിലാണ് യോഗം വിളിക്കാന്‍ മേയര്‍ തയാറായത്. 15 കോടി രൂപയാണ് രണ്ടു റോ-റോ ജങ്കാറുകള്‍ വാങ്ങുന്നതിനായി കോര്‍പ്പറേഷന്‍ ചെലവഴിച്ചത്. എന്നാല്‍ റോ-റോ വാങ്ങിയിട്ടും ഇവ അടുക്കുന്നതിനായുള്ള ജെട്ടി നിര്‍മ്മിക്കാതിരുന്നതിനാല്‍ സര്‍വീസ് ഇതുവരെ ആരംഭിക്കാന്‍ സാധിച്ചില്ല. ഇത് നഗരസഭക്ക് അകത്തും പുറത്തും വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. കൃത്യമായ പ്ലാനിങ്ങ് ഇല്ലാത്തത് മൂലമാണ് സര്‍വീസ് ആരംഭിക്കാന്‍ സാധിക്കാത്തതെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.
കൊച്ചി, വൈപ്പിന്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍ചാലിലൂടെ നടത്തു ജങ്കാര്‍ സര്‍വീസിന് അപകടസാധ്യതയുള്ളതിനാലാണ് അഴിമുഖത്തെ മുറിച്ചു കടക്കാന്‍കഴിയുന്ന റോറോ യാനങ്ങള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ഫോര്‍ട്ട്‌കൊച്ചി ബോട്ട്ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഇത്. 2015 മാര്‍ച്ച് മൂന്നിന് കരാര്‍ ഒപ്പിട്ട് കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നിര്‍മാണം തുടങ്ങി. ജങ്കാര്‍ നിര്‍മിക്കാന്‍ ഏഴു കോടിയും ടെര്‍മിനല്‍ നിര്‍മാണത്തിന് 7.14 കോടിയുമാണ് ചെലവു പ്രതീക്ഷിച്ചത്. 50 യാത്രക്കാര്‍, 10 ടണ്‍ ശേഷിയുള്ള നാലു ലോറികള്‍, 12 കാറുകള്‍ എന്നിവയ്ക്ക് ഒരേസമയം റോറോയില്‍ യാത്ര ചെയ്യാം. ഒഴുകുന്ന പാലംപോലെയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഒരു ജെട്ടിയില്‍നിന്ന് വാഹനങ്ങള്‍ ജങ്കാറിലേക്ക് നേരിട്ട് ഓടിച്ചുകയറ്റി ലക്ഷ്യസ്ഥാനത്തെത്തി മറുവശത്തുകൂടി നേരെതന്നെ ഓടിച്ചിറക്കാം.
എന്നാല്‍, റോറോ സര്‍വീസിനായി ജെട്ടി നിര്‍മിക്കുന്നതില്‍ വന്ന നോട്ടക്കുറവാണ് പദ്ധതി അവതാളത്തിലാക്കിയത്. നിലവിലുള്ള ജെട്ടി പൊളിച്ചുമാറ്റിയാല്‍ മാത്രമെ മൂറിങ് ജെട്ടി പണിയാനാവുയെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. നിലവിലെ ജെട്ടി പൊളിക്കുമ്പോള്‍ വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്കുള്ള ജങ്കാര്‍ സര്‍വീസ് നാലുമാസമെങ്കിലും നിര്‍ത്തിവയ്‌ക്കേണ്ടിവരും. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ ജനരോഷത്തിനും കാരണമാകും. ഇതോടെ ജെട്ടിയുടെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി റോ-റോ ഷിപ്പ് യാഡിന്റെ ഡോക്കില്‍ വിശ്രമത്തിലുമായി. സംഭവം പുറത്തായതോടെ പ്രതിക്ഷകക്ഷികള്‍ ഉല്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതിനെതുടര്‍ന്നാണ് ജെട്ടിനിര്‍മ്മാണവുമായി ബന്ധപ്പെട്ട് യോഗം വിളിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
ജെട്ടി നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പായി ഒന്നര കോടി രൂപ ചെലവില്‍ നഗരസഭ ഉണ്ടാക്കിയ ബോട്ട് നീറ്റിലാറക്കാന്‍ നഗരസഭ ശ്രമിക്കുന്നുണ്ട്. ഇത് സര്‍വീസ് ആരംഭിച്ചാല്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും. 150 പേര്‍ക്ക് ഈ ബോട്ടില്‍ സഞ്ചരിക്കാം. ബോട്ടിന്റെ നടത്തിപ്പും യാത്രാനിരക്കും ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ അടുത്ത കൗണ്‍സില്‍ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."