സ്വാശ്രയ പ്രവേശനം: ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് രാജേന്ദ്രബാബു കമ്മിഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനത്തിന് കോളജുകള്‍ ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്. ബ്ലാങ്ക് ചെക്ക് വാങ്ങുന്നത് തലവരിപ്പണമായി കണക്കാക്കി നിയമനടപടികള്‍ സ്വീകരിക്കും. ഒരു വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടി മാത്രമേ വാങ്ങാവൂവെന്നും പ്രവേശന മേല്‍നോട്ട സമിതി നിര്‍ദേശം നല്കി.
പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ചില മാനേജ്മെന്റുകള്‍ ബ്ലാങ്ക് ചെക്കും വരും വര്‍ഷങ്ങളിലേക്കുള്ള ബാങ്ക് ഗ്യാരണ്ടിയും ആവശ്യപ്പെടുന്നതായി പ്രവേശന മേല്‍ നോട്ടസമിതിക്ക് പരാതി ലഭിച്ചിരുന്നു. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും ലഭിച്ച പരാതി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയുടെ ഉത്തരവ്. വിദ്യാര്‍ഥികളില്‍നിന്ന് ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടാനോ സ്വീകരിക്കാനോ പാടില്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുള്ള ബാങ്ക് ഗ്യാരണ്ടി മാത്രമേ മാനേജ്മെന്റുകള്‍ വാങ്ങാവൂ എന്നും കമ്മിഷന് സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായോ പണമായോ നല്‍കണമെന്ന് നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമിച്ച രാജേന്ദ്ര ബാബു കമ്മിഷന് അഞ്ചു ലക്ഷം രൂപയാണ് ഫീസായി നിശ്ചയിച്ചിരുന്നത്.
മാനേജ്മെന്റുകള്‍ സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ആറു ലക്ഷം രുപയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കണമെന്ന് സുപ്രിം കോടതി പറഞ്ഞത്. സുപ്രിം കോടതി ഉത്തരവ് പ്രകാരം സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപ ഫീസായും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായുമാണ് നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."