ശശികലക്കെതിരേയുള്ള കോഴിക്കോട്ടെ കേസില്‍ തുടര്‍നടപടിയില്ല
കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ മുന്‍പും പ്രസംഗിച്ചതിന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലക്കെതിരേ കോഴിക്കോട്ട് രജിസ്റ്റര്‍ചെയ്ത കേസില്‍ ഒരുവര്‍ഷമായിട്ടും നടപടിയില്ല. 2006ല്‍ മാറാട് കലാപത്തിനുപിന്നാലെ കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പ്രകോപന പ്രസംഗത്തിനെതിരേ കഴിഞ്ഞവര്‍ഷം നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം ശശികലക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. പ്രസംഗം യൂ ട്യൂബില്‍ കണ്ട കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ അബ്ദുല്‍ഷുക്കൂര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് കാസര്‍കോട് എസ്.പിക്കു നല്‍കിയ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലിസാണ് കേസെടുത്തിരുന്നത്. ഒരു മതവിഭാഗത്തിനെതിരേ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് ശശികലക്കെതിരേയുള്ള കുറ്റം. മൂന്നുവര്‍ഷം തടവോ പിഴ ശിക്ഷയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്.
പ്രസംഗിച്ചത് കോഴിക്കോടായതിനാല്‍ ഹോസ്ദുര്‍ഗ് പൊലിസ് കോഴിക്കോട്ടേക്ക് കൈമാറ്റംചെയ്ത കേസ് കഴിഞ്ഞ ഡിസംബര്‍ 10ന് കസബ പൊലിസ് റീ രജിസ്റ്റര്‍ ചെയ്തിരുന്നു.
അറസ്റ്റ്‌ചെയ്ത് ജയിലിലടക്കാന്‍ സാധ്യതയുണ്ടെന്നും തനിക്കെതിരേ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശശികല ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് അനുവദിച്ചില്ല. സി.ആര്‍.പി.സി 482 പ്രകാരം കേസ് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് ഹരജി ലഭിച്ചാലും തുടരന്വേഷണം തടസപ്പെടുത്താന്‍ പാടില്ലെന്ന സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേസില്‍ പൊലിസ് തുടര്‍നടപടി സ്വീകരിക്കാത്തതെന്നു പരാതിക്കാരനും മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും കൂടിയായ അബ്ദുല്‍ഷുക്കൂര്‍ പറഞ്ഞു. അതേസമയം, മതവിദ്വേഷ പ്രസംഗം നടത്തിയതിന് അബ്ദുല്‍ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ മുജാഹിദ് പ്രഭാഷകന്‍ ഷംസുദീന്‍ പാലത്തിനെതിരേ കഴിഞ്ഞ സെപ്റ്റംബറില്‍ പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."