നെട്ടയം രാമഭദ്രന്‍ കൊലക്കേസ്: സി.പി.എം ഏരിയ സെക്രട്ടറിയെ പുറത്താക്കി
കൊല്ലം: കോണ്‍ഗ്രസ് നേതാവ് നെട്ടയം രാമഭദ്രന്‍ കൊലക്കേസില്‍ സി.പി.എം അഞ്ചല്‍ ഏരിയ സെക്രട്ടറി പി.എസ് സുമനെയാണ് തദ്സ്ഥാനത്ത് നിന്ന് നീക്കിയത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് സുമനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനമെടുത്തത്. സുമനെ തദ്സ്ഥാനത്ത് നിന്ന് നീക്കിയതോടെ പകരം അഞ്ചല്‍ ഏരിയ കമ്മിറ്റിയുടെ ചുമതല സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജേന്ദ്രന് നല്‍കി.
2010 ഏപ്രില്‍ 10നാണ് ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഐ.എന്‍.ടി.യു.സി ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രനെ വീട്ടില്‍ കയറി വെട്ടിയത്. വീടിനു സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടന്നിരുന്നു. പൊലിസ് അറസ്റ്റ് ചെയ്ത പ്രതികളെ രാമഭദ്രന്‍ ജാമ്യത്തിലിറക്കിയിരുന്നു. ഇതിന്റെ ശത്രുതയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. എന്നാല്‍, കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് രാമഭദ്രന്റെ ഭാര്യ ബിന്ധു ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസ് സി.ബി.ഐക്കു വിടുകയായിരുന്നു. കേസില്‍ സി.പി.എം നേതാക്കളടക്കം 18 പേരാണ് പ്രതികളായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."