വളയിട്ട കരങ്ങളില്‍ പെണ്‍സുരക്ഷ ഭദ്രം
കണ്ണൂര്‍: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നമുണ്ടായാലും ഓടിയെത്തി മാതൃകയായി മാറുകയാണ് പിങ്ക് പൊലിസ്. കണ്ണൂരിലും തലശ്ശേരിയിലുമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഇപ്പോള്‍ ഇവരുടെ ഉത്തരവാദിത്വമാണ്. അനുദിനം കൂടിവരുന്ന പൂവാല ശല്യവും സ്ത്രീകളോടുള്ള അപമര്യാദയായ പെരുമാറ്റവും പിങ്ക് പട്രോള്‍ നിലവില്‍ വന്നതോടെ ഒരു കുറഞ്ഞുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ക്ലാസ്സ് കട്ട് ചെയ്ത് പാര്‍ക്കിലും ബീച്ചിലും ആണ്‍കുട്ടികളുടെ കൂടെ കറങ്ങി നടക്കുന്നത് കൂടിവരികയാണെന്നു ഇവര്‍ പറയുന്നു. ഇവരോട് പ്രത്യാഘാതങ്ങളെപറ്റി സംസാരിച്ചാല്‍ എതിര്‍ത്തു പറയുകയാണ് ചില വിദ്യാര്‍ഥിനികള്‍. മറിച്ചൊന്നും പറയാന്‍ പറ്റാതെ മടങ്ങിവരേണ്ട സാഹചര്യങ്ങളും ഉണ്ടാവാറുണ്ടെന്നും ഈ നിയമപാലകര്‍ പറയുന്നു. കോര്‍പറേഷന്റെ സഹകരണത്തോടെയാണ് ഒരുവര്‍ഷം മുന്‍പ് പിങ്ക് പൊലിസ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനോടകം തന്നെ ജില്ലയിലെ ക്രമസമാധാനരംഗത്ത് സജീവസാന്നിധ്യമാകാന്‍ ഇവര്‍ക്കു കഴിഞ്ഞു. കുട്ടികള്‍ റോഡ് മുറിച്ച് കടക്കാന്‍ സഹായം, കുട്ടികളെ കാണാതായാല്‍ അവരെ കണ്ടുപിടിക്കല്‍, കുഴഞ്ഞുവീണവരെ ആശുപത്രിയിലെത്തിക്കല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ ഇവരുടെ സാന്നിധ്യമുണ്ട്.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം വീടുവിട്ടിറങ്ങിയ കുട്ടിയെ മുനീശ്വരന്‍ കോവിലിനടുത്തുനിന്ന് കണ്ടെത്തിയിരുന്നു. നിരവധി കേസുകള്‍ വനിതാ സെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനം. എട്ടിന് ശേഷം 1515 ലേക്ക് വിളിച്ചാല്‍ വനിതാ സെല്ലിലേക്കാണ് കോളുകള്‍ പോകുക. രാത്രി സ്ത്രീ സുരക്ഷ വനിതാ പൊലിസ് കൈകാര്യം ചെയ്യും. രണ്ടു വാഹനങ്ങളും ഇരുപതിലേറെപേരും പിങ്ക് പൊലിസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."