ഇന്ധന സംഭരണശാല വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റണം
പയ്യന്നൂര്‍: കിഴക്കേ കണ്ടങ്കാളിയില്‍ റെയിലിന് തെക്കുഭാഗത്ത് സ്ഥാപിക്കുന്ന നിര്‍ദിഷ്ട ഇന്ധന സംഭരണ ശാലയെപറ്റിയുള്ള ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് നഗരസഭാ യോഗം ആവശ്യപ്പെട്ടു. ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് ജില്ലാ ഭരണകൂടത്തിനോടും ഓയില്‍ കമ്പനി അധികൃതരോടും നഗരസഭ നിലപാട് വ്യക്തമാക്കിയത്. നിര്‍ദിഷ്ട എണ്ണ സംഭരണശാലയിലേക്കുള്ള വാഹനങ്ങളുടെ പോക്കുവരവ്, മലിനീകരണ പരിസ്ഥിതി പ്രശ്‌നങ്ങള്‍, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങള്‍ സജീവ ചര്‍ച്ചയായി. ഇതിനൊടുവിലാണ് മുന്‍പ് നടന്ന സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ക്കൊപ്പമാണ് നഗരസഭയെന്നും കൃത്യമായ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് വന്നശേഷമേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ പാടുള്ളുവെന്നും ഇക്കാര്യം നേരത്തേ കലക്ടറെ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ വ്യക്തമാക്കിയത്.
തെരുവു നായ്ക്കളുടെ ശല്യം സംബന്ധിച്ച ചര്‍ച്ചയും സജീവമായി. പാപ്പിനിശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ബി.സി ജില്ലാ സംവിധാനവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബംഗളൂരിലുള്ള ഏജന്‍സിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വിവാഹ വീടുകളില്‍നിന്നും മറ്റിടങ്ങളില്‍നിന്നും മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിച്ച് കടന്നുപോകുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
നഗരസഭയുടേയും വാര്‍ഡ്തലങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ യഥാസമയം മൊബൈല്‍ ഫോണിലൂടെ ജനങ്ങളിലെത്തിക്കാന്‍ ഉദ്ദേശിച്ചുള്ള വോയ്‌സ് ബ്രോഡ്കാസ്റ്റിങ് സംവിധാനം നവംബര്‍ ഒന്നിന് ആരംഭിക്കും. 60,000 ഫോണുകളിലേക്ക് ഒരേസമയം സന്ദേശങ്ങള്‍ കൈമാറാന്‍ സംവിധാനത്തിലൂടെ കഴിയും.
ബി.ആര്‍.ഡി.സിയുടെ ടീബ്രേക്ക് പദ്ധതിയിലുള്‍പ്പെടുത്തി കവ്വായി കായല്‍ തീരത്തെ പാര്‍ക്കില്‍ ടോയ്‌ലെറ്റ്, പാര്‍ലര്‍ സംവിധാനം ഒരുക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തിയായി കാലിക്കടപ്പുറത്തെ കായലോരത്ത് കരിങ്കല്‍ ഭിത്തി കെട്ടുന്ന പ്രവര്‍ത്തി ആരംഭിച്ചതായും ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."