വി.ഐ.പികളുടെ സുരക്ഷയ്ക്കായി പൊലിസുകാര്‍ ചീറിപ്പായുന്നത് കാലഹരണപ്പെട്ട വാഹനങ്ങളില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള വി.ഐ.പികളുടെ സുരക്ഷയ്ക്കായി പൊലിസുകാര്‍ ജീവന്‍പണയംവച്ച് പായുന്നത് കണ്ടം ചെയ്ത വാഹനങ്ങളില്‍. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍ പെടാനുണ്ടായ കാരണവും വാഹനത്തിന്റെ കാലപ്പഴക്കം തന്നെ.
പുതിയ വാഹനങ്ങള്‍ സ്‌റ്റേഷന്‍ ഡ്യൂട്ടികള്‍ക്ക് വിട്ടുകൊടുത്ത് അകമ്പടിക്കായി പഴയ വാഹനങ്ങളാണ് പൊലിസ് ഉപയോഗിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സ് പോലുമില്ലാത്ത വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. മന്ത്രിമാരടക്കമുളള വി.ഐ.പികളുടെ എസ്‌കോര്‍ട്ടിനും പൈലറ്റിനും
പലഘട്ടത്തിലും ആള്‍ക്ഷാമം വരുമ്പോള്‍ പരിശീലനം ലഭിക്കാത്ത എ.ആര്‍ ക്യാംപിലെ പൊലിസുകാരെയാണ് ഡ്രൈവര്‍മാരായി നിയോഗിക്കുന്നത്. ആവശ്യത്തിന് പൊലിസ് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ എ.ആര്‍ ക്യാംപിലെ പൊലിസുകാരെ ഡ്രൈവര്‍മാരാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുകയാണ്.
തിരുവനന്തപുരം നഗരത്തില്‍ പൊലിസിന് ആകെയുളളത് 350 വാഹനങ്ങളാണ്. ഇവ ഓടിക്കാനായി 191 പൊലിസ് ഡ്രൈവര്‍മാരാണുള്ളത്. ക്യാംപിലെ ദൈനം ദിന പ്രവര്‍ത്തനത്തിന് പോലും പരിശീലനം നേടിയ ഡ്രൈവര്‍മാര്‍ ഇല്ല. ഈ പ്രതിസന്ധിക്കിടയിലും ചില മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഒന്നിലധികം ഡ്രൈവര്‍മാരെ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നു.
മൂന്നു ലക്ഷത്തിലധികം കിലോമീറ്ററുകള്‍ പിന്നിട്ട വണ്ടികളാണ് എസ്‌കോര്‍ട്ടിനായി ഉപയോഗിക്കുന്നത്. വലിവ് കുറഞ്ഞ, പവര്‍ സ്റ്റിയറിങ് ഇല്ലാത്ത വണ്ടികളാണ് എസ്‌കോര്‍ട്ട് പോകുന്നവയില്‍ അധികവും. ചീറിപ്പായുന്ന വി.ഐ.പി വാഹനത്തിന്റെ വേഗതക്ക് ഒപ്പമെത്താനുള്ള ശ്രമത്തിനിടെ മിക്കവയും അപകടത്തില്‍ പെടുന്നു. മന്ത്രിമാരും വി.ഐ.പികളും പുതിയ വാഹനത്തിലാണ് സഞ്ചരിക്കുന്നത്. വലിവ് കുറഞ്ഞ വാഹനവും പരിശീലനം ലഭിക്കാത്ത ഡ്രൈവറും കൂടിയാകുമ്പോള്‍ അപകട സാധ്യത കൂടുന്നു. മുപ്പത് വാഹനങ്ങള്‍ അടുത്തിടെ മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വാങ്ങിയിരുന്നു. വി.ഐ.പികളുടെ എസ്‌കോര്‍ട്ടിനായി 67 പുതിയ വാഹനങ്ങള്‍ വേണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഇത് ഗൗനിച്ചില്ല. അകമ്പടി വാഹനങ്ങളില്‍ പരിശീലനം ലഭിച്ച ഡ്രൈവറര്‍മാരെ തന്നെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."