റോഹിംഗ്യ: മുസ്‌ലിംലീഗ് പ്രതിനിധിസംഘം യു.എന്‍ ഹൈകമ്മിഷണറെ കണ്ടു
ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുന്നതിനിടെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രതിനിധി സംഘം യു.എന്‍ ഹൈകമ്മിഷണറെ കണ്ടു. ഡല്‍ഹിയിലെ ഐക്യരാഷ്ട്രസഭാ കാര്യാലയത്തില്‍ ദേശീയ വര്‍ക്കിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ യു.എന്‍ ഹൈക്കമ്മിഷണര്‍ എസുക്കോ ഷിമിസുവിന് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനവും കൈമാറി. അഭയാര്‍ഥി ക്ഷേമത്തിന് ചുമതലയുള്ള യു.എന്നിന്റെ ഇന്ത്യയിലെ ഹൈകമ്മീഷണറാണ് എസുകോ ഷിമിസു. അഭയാര്‍ഥി രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ മുസ്‌ലിംലീഗ് പ്രതിനിധി സംഘം രേഖാമൂലം കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങളോട് തുറന്ന മനസോടെയാണ് ഹൈക്കമ്മിഷണര്‍ പ്രതികരിച്ചതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മതിയായ രേഖകളില്ലാതെ തീര്‍ത്തും അരക്ഷിതരായി കഴിയുന്ന റോഹിംഗ്യകളുടെ കാര്യത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുമെന്ന് ഹൈകമ്മീഷണര്‍ പറഞ്ഞു. അഭയാര്‍ഥി പ്രശ്‌നത്തില്‍ മാനുഷിക താല്‍പര്യമെടുത്ത് പരിഹാരം ആരാഞ്ഞ് വന്ന പ്രതിനിധി സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, സി.പി ബാവ ഹാജി, മുസ്‌ലിം യുത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ്. ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ ഫൈസല്‍ ബാബു, സെക്രട്ടറി മുഫ്തി സഈദ് ആലം, അഡ്വ. മര്‍സൂഖ് ബാഫഖി എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."