ശ്രീകൃഷ്ണ ജയന്തി:നഗരവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്‍മാര്‍
നിലമ്പൂര്‍: നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ഉണ്ണിക്കണ്ണന്‍മാരും, ഗോപികമാരും നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യമേളങ്ങളും വീഥികളില്‍ നിറഞ്ഞു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലാണ് സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന സന്ദേശമുയര്‍ത്തി നിലമ്പൂരില്‍ ശോഭയാത്ര നടത്തിയത്. വീട്ടിക്കുത്ത്, ചക്കാലക്കുത്ത്, കോവിലകത്തുമുറി, മണലൊടി, അരുവാക്കോട്, മയ്യംന്താനി, തെക്കുംപാടം, മുതുകാട്, നെടുമുണ്ടക്കുന്ന് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറു ശോഭയാത്രകള്‍ നടുവിലക്കളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്കണത്തില്‍ എത്തി മഹാശോഭയാത്രയായി നഗര പ്രദക്ഷണം നടത്തി. തുടര്‍ന്ന് വീരാഡൂര്‍ ശ്രീ അയ്യപ്പ ഭജനമഠത്തില്‍ മഹാശോഭയാത്ര സമാപിച്ചു. തുടര്‍ന്ന് പ്രഭാഷണം, പ്രസാദ വിതരണം എന്നിവ നടത്തി.
പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തില്‍ നാമജപം, ഭാഗവതപാരായണം, പ്രസാദ ഊട്ട്, ശോഭയാത്രക്ക് സ്വീകരണം, പ്രസാദവിതരണം, തായമ്പക, കേളി, എഴുന്നള്ളത്ത് എന്നിവ നടന്നു. ക്ഷേത്ര കമ്മിറ്റിയും ബാലഗോകുലവും ചേര്‍ന്ന് നടത്തിയ ചിത്രരചനാ മത്സരങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്‍. കെ.പി സുബ്രമണ്യന്‍, ചക്കനാത്ത് ശശികുമാര്‍, കരിമ്പില്‍ രാധാകൃഷ്ണന്‍, കളരിക്കല്‍ സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അയ്യപ്പന്‍കുളം, ചുള്ളിയോട്, ചേലോട്, ചെട്ടിപ്പാടം, വട്ടപ്പാടം, എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുശോഭയാത്രകള്‍ പൂക്കോട്ടുംപാടം ഹൈസ്‌കൂള്‍ റോഡ് ജങ്ഷനില്‍ സംഗമിച്ച് മഹാശോഭയാത്രയായി പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ സമാപിച്ചു.
പുതിയകളം, പുതിയക്കോട്, ചെറായി, മാമ്പൊയില്‍, എന്നിവിടങ്ങില്‍ നിന്നുള്ള ശോഭയാത്രകള്‍ അഞ്ചാംമൈലില്‍ സംഗമിച്ച് പുതിയക്കോട് ക്ഷേത്രത്തില്‍ സമാപിച്ചു. കവളമുക്കട്ട, തേള്‍പാറ, പുഞ്ച, പാട്ടക്കരിമ്പ്, എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍ തേള്‍പാറ അയ്യപ്പക്ഷേത്രത്തില്‍ സമാപിച്ചു. ടി.കെ കോളനിയില്‍നിന്നുള്ള ശോഭയാത്ര ടി.കെ കോളനി ക്ഷേത്രത്തില്‍ സമാപിച്ചു.
പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭയാത്ര അമരമ്പലം കോവിലകം വിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. ക്ഷേത്രം പ്രസിഡന്റ് സുരേഷ് കൈപ്രം, കെ.ടി ശ്രീനിവാസന്‍, സി. സന്തോഷ് കുമാര്‍, സി. വേണുഗോപാല്‍, വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പുക്കോട്ടുംപാടം: തേള്‍പ്പാറ അയ്യപ്പക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
വണ്ടൂര്‍: മേഖലയിലെ എല്ലാ ക്ഷേത്രങ്ങളിലും വിവിധ പരിപാടികള്‍ നടന്നു. വണ്ടൂര്‍ അമ്പലപടി ശിവക്ഷേത്രം, നടുവത്ത് ഈശ്വര മംഗലം, ചാത്തംങ്ങോട്ടു പുറം, തിരുവാലി, ശാന്തിനഗര്‍, പുന്നപാല, പൂത്രകോവ്, വാളോറിങ്ങല്‍, പൈങ്കുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിലാണ് പ്രധാനമായും ആഘോഷ പരിപാടികള്‍ നടന്നത്.
വാണിയമ്പലം ശിവജി നഗറില്‍ നിന്നാരംഭിച്ച ശോഭയാത്ര വാണിയമ്പലം ബാണാപുരം ദേവി ക്ഷേത്രത്തില്‍ സമാപിച്ചു. വാളോറിങ്ങല്‍ ഭഗവതി ക്ഷേത്രം പുന്നപാല, അരീപുറത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഘോഷയാത്രകള്‍ വാളോറിങ്ങള്‍ അങ്ങാടിയില്‍ സംഗമിച്ചു. പൈങ്കുളങ്ങര ക്ഷേത്രം ഘോഷയാത്ര നടത്തി.
വണ്ടൂര്‍ അമ്പലപ്പടിയില്‍ നിന്നാരംഭിച്ച പൈതൃകം ബാലഗോകുലത്തിന്റെ ഘോഷയാത്രക്ക് ഭാരവാഹികളായ കെ.ഹരീഷ്, എ.ടി ബിജോയ്, കെ.പി മോഹന്‍ദാസ്, വിഷ്ണു നേതൃത്വം നല്‍കി. മരക്കുലംകുന്ന് ബാലഗോകുലം, കാപ്പിച്ചാല്‍ ഹിന്ദു യുവ സംഘം എന്നിവരുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര നടത്തി. വണ്ടൂര്‍ ടൗണില്‍ സംഗമിച്ച ഘോഷയാത്രകള്‍ അമ്പലപ്പടിയില്‍ സമാപിച്ചു.
എടവണ്ണ: എടവണ്ണയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാശോഭായാത്ര സംഘടിപ്പിച്ചു. വില്ലത്തൂര്‍, ഭക്തപ്രിയം, കുന്നുമ്മല്‍, പൊന്നാംകുന്ന്, ചെമ്പക്കുത്ത്, കൊങ്ങംപാറ, പന്നിപ്പാറ, പാലപ്പെറ്റ, പൊതിലാട്, കുണ്ടുതോട്, ഐന്തൂര്‍, ടൗണ്‍ എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച ഘോഷയാത്ര വൈകിട്ട് അഞ്ചോടെ ടൗണ്‍ ചുറ്റി ബസ്റ്റാന്‍ഡ് പരിസരത്ത് സംഗമിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പി. സുനീഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."