ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രോമെന്നും മന്ത്രി മോചനം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിലൂടെ: കണ്ണന്താനം
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടത്തിയ സജീവ ഇടപെടലുകളുടെ ഫലമായാണ് ഭീകരരുടെ തടവിലായിരുന്ന ഫാ.ടോം ഉഴുന്നാലിന്റെ മോചനം സാധ്യമായതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഒരു രാജ്യത്തെ സര്‍ക്കാരിന്റെ ഇടപെടലില്ലാതെ മറ്റൊരു രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയ പൗരനെ മോചിപ്പിക്കാനാകുമെന്ന് ചിന്തിക്കാന്‍ മണ്ടന്‍മാര്‍ക്കേ കഴിയൂവെന്നും കോട്ടയം പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഒന്നരവര്‍ഷക്കാലത്തോളം നിരന്തരമായ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന് എല്ലാകാര്യവും പരസ്യമാക്കാനാവില്ല. അതുകൊണ്ട് ഒരുകാലത്തും അത്തരം കാര്യങ്ങള്‍ പുറത്തുവരില്ല. തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കില്‍ത്തന്നെ അത് കേന്ദ്രത്തിന് പുറത്തുപറയാനാവില്ല. വത്തിക്കാന്റെയും ഒമാന്റെയും സഊദി അറേബ്യയുടെയും ഇന്ത്യയുടെയും സംയുക്ത പരിശ്രമമാണ് ഇക്കാര്യത്തിലുണ്ടായത്. തടവില്‍നിന്ന് മോചിപ്പിക്കപ്പെട്ടയാള്‍ സുരക്ഷിതസ്ഥാനത്തെത്തിയശേഷം മാത്രമേ കേന്ദ്രത്തിന് ഇക്കാര്യം പുറത്തുപറയാന്‍ കഴിയൂ. അതാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം വൈകിയത്.
തടവില്‍ക്കഴിയുന്ന ഉഴുന്നാലിന് കേന്ദ്രം നടത്തിയ ഇടപെടലുകള്‍ അറിയണമെന്നില്ല. അതുകൊണ്ടാണ് പുറത്തുവന്നശേഷം അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ കാര്യം പരാമര്‍ശിക്കാതിരുന്നത്.അതല്ലെങ്കില്‍ അദ്ദേഹത്തിന് തടവിലാക്കുന്നവരോട് തടവുകാരന് ഉണ്ടാകുന്ന സഹാനുഭൂതിയായ സ്റ്റോക്ക് ഹോം സിന്‍ഡ്രോം എന്ന മാനസികാവസ്ഥയാവാം. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിച്ചാല്‍ തന്നെ എതിര്‍ക്കുമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ പരാമര്‍ശത്തിനും കണ്ണന്താനം മറുപടി നല്‍കി. താന്‍ എല്ലാവര്‍ക്കുമൊപ്പമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ക്കുവേണ്ടിയും പ്രത്യേകമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് തന്റെ ചരിത്രമറിയുന്നവര്‍ക്ക് മനസ്സിലാവും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."