നെടുമ്പാശ്ശേരിയില്‍ വിപുലമായ സൗകര്യമൊരുക്കും ഹാജിമാരുടെ മടക്കം
കൊണ്ടോട്ടി: പരിശുദ്ധ ഹജ്ജ് കര്‍മം കഴിഞ്ഞ് തിരിച്ചെത്തുന്ന ഹാജിമാര്‍ക്ക് നെടുമ്പാശ്ശേരിയില്‍ വിപുലമായ സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം തീരുമാനിച്ചു. 21ന് പുലര്‍ച്ചെ 4.45നാണ് ആദ്യ ഹജ്ജ് സംഘം മടങ്ങിയെത്തുന്നത്. തുടന്ന് ഒക്ടോബര്‍ 4 വരെ ദിനേന മൂന്ന് വിമാനങ്ങളിലായി കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ തിരിച്ചെത്തിക്കും.
ഹാജിമാര്‍ക്ക് വിമാനത്താവളത്തില്‍ സിയാലിന്റെ സഹകരണത്തോടെ സൗകര്യങ്ങള്‍ ഒരുക്കും. മദീനയില്‍ നിന്നാണ് ഹാജിമാര്‍ നെടുമ്പാശ്ശേരിയിലെത്തുന്നത്. വിമാനമിറങ്ങുന്ന ഹാജിമാരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി, ലഗേജ് ക്ലിയറന്‍സ് നടത്തി സംസം തീര്‍ഥവും നല്‍കിയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ ഹാജിയേയും ബന്ധുക്കളെ ഏല്‍പ്പിക്കുന്നതുവരെ ഹജ്ജ് കമ്മിറ്റിയും വളണ്ടിയര്‍മാരും സഹായ ഹസ്തവുമായി രംഗത്തുണ്ടാകും.
ഹാജിമാര്‍ക്ക് മക്കയിലും മിനയിലും അറഫയിലും ഹജ്ജ് വളണ്ടിയര്‍മാരുടേയും പ്രവാസി സംഘടനകളുടേയും സഹായം ലഭിച്ചതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ്മൗലവി പറഞ്ഞു.
അപകടങ്ങളിലോ വലിയ തിരക്കിലോ പെടാതെ തീര്‍ഥാടകര്‍ സുരക്ഷിതരായി ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചു. ഗ്രീന്‍കാറ്റഗറിയിലുള്ള തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് ഉപയോഗിക്കാന്‍ കഴിയാതെ വന്നെങ്കിലും ഇവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ തയാറായതായി ചെയര്‍മാന്‍ പറഞ്ഞു.
യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,എ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ,പ്രൊഫ.എ.കെ.അബ്ദുള്‍ ഹമീദ്,എ.കെ.അബ്ദുറഹിമാന്‍,അഹമ്മദ് മൂപ്പന്‍,എസ്.നസുറുദ്ദീന്‍,ഡോ.ഇ.കെ.അഹമ്മദ് കുട്ടി,ശരീഫ് മണിയാട്ടുകുടി,അബ്ദുറഹിമാന്‍ പെരിങ്ങാടി സംബന്ധിച്ചു.
മരണമടഞ്ഞത് ഏഴു പേര്‍; ആറു പേര്‍ ചികിത്സയില്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോയവരില്‍ ഏഴുപേര്‍ ഇത്തവണ മരണപ്പെട്ടു. ഇവരില്‍ ആറു പേരും പുരുഷന്മാരാണ്. ഹജ്ജ് കര്‍മത്തിനിടെ അസുഖബാധിതരായി ആറു പേര്‍ മക്കയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള തീര്‍ഥാടകരെ പരിചരിക്കാനായി ഹജ്ജ് കമ്മിറ്റിയുടെ വളണ്ടിയര്‍മാര്‍ രംഗത്തുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."