ലീഗ് സ്ഥാനാര്‍ഥി 19ന്; ഇടതു കണ്‍വന്‍ഷന്‍ 17ന്
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്കു ചൂടേറി. സിറ്റിങ് സീറ്റിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയെ 19നു പ്രഖ്യാപിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ 17നു വേങ്ങരയില്‍ യോഗം ചേരും. എന്നാല്‍, പ്രഖ്യാപനം സംബന്ധിച്ചു യോഗത്തിനു ശേഷമേ സ്ഥാനാര്‍ഥി ആരെന്നു ധാരണയാകൂ. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ ഇന്നു വൈകിട്ട് മൂന്നിനു മലപ്പുറത്തു വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
മണ്ഡലത്തില്‍ മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഇതിനകം തുടങ്ങിയിട്ടുണ്ട്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ നടന്നു. കഴിഞ്ഞാഴ്ചയോടെ എല്ലാ പഞ്ചായത്തുകളിലും യോഗം പൂര്‍ത്തിയാക്കി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കു കൂടുതല്‍ ഭൂരിപക്ഷം നല്‍കിയതു വേങ്ങര മണ്ഡലമായിരുന്നു. ഈ ഭൂരിപക്ഷത്തില്‍ കുറയാത്ത പ്രവര്‍ത്തനങ്ങളാണ് ലീഗ് യോഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപന ശേഷം യു.ഡി.എഫ് കണ്‍വന്‍ഷനുകള്‍, വാര്‍ഡ്, കുടുംബ സംഗമങ്ങള്‍ എന്നിവ നടക്കും. 17നു രാവിലെ പത്തിനു വേങ്ങര സി.പി.എം ഓഫിസിലാണ് എല്‍.ഡി.എഫ് യോഗം. ഇടതുമുന്നണിയില്‍ സി.പി.എമ്മിന്റെ സീറ്റായ വേങ്ങരയില്‍ പാര്‍ട്ടി ചിഹ്നം ഒഴിവാക്കി സ്വതന്ത്രരെ മത്സരിപ്പിക്കുന്ന കാര്യം എല്‍.ഡി.എഫ് ആലോചിക്കുന്നുണ്ട്. അത്തരമൊരാളെ എല്‍.ഡി.എഫ് തേടുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും മുന്നണിക്കു മുന്നിലുണ്ട്. പൊതു സ്വതന്ത്രനായ ഒരാളെയോ വേങ്ങരയിലേക്കു മണ്ഡലത്തില്‍നിന്നുള്ള സി.പി.എം സ്ഥാനാര്‍ഥിയേയോ മത്സരിപ്പിക്കാനാണ് ഉദ്ദേശം. പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ പ്രധാനമായും പരിഗണിക്കുന്നതു യുവജന സംഘടനാ ഭാരവാഹികളെയാണ്. മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ലീഗിന്റെ ഉരുക്കുകോട്ടയില്‍തന്നെ രണ്ടാമതും അങ്കത്തിനിറങ്ങുകയെന്നതാണ് എല്‍.ഡി.എഫിനു മുന്നിലെ വെല്ലുവിളി. സ്ഥാനാര്‍ഥിക്കാര്യം ഇന്നലെ രാവിലെ മലപ്പുറത്തു സി.പി.ഐ ഓഫിസില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം ചര്‍ച്ച ചെയ്തു. പി.പി വാസുദേവന്‍, ടി.കെ ഹംസ, ഇ.എന്‍ മോഹന്‍ദാസ്, പി.പി സുനീര്‍, വിവിധ ഘടകകക്ഷി നേതാക്കള്‍ പങ്കെടുത്തു. അതേസമയം, മണ്ഡലത്തി ല്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ജനതാദള്‍ (നാഷണലിസ്റ്റ്) പാര്‍ട്ടി രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ ഷാ ആണ് സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."