ക്രൈംബ്രാഞ്ചിന്റെ വരവും ജാനകിയുടെ മൊഴിമാറ്റവും ദുരൂഹത ഉയര്‍ത്തുന്നു
തളിപ്പറമ്പ്: സഹകരണവകുപ്പ് മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ബാലകൃഷ്ണന്റെ ഭാര്യയെന്ന് അവകാശപ്പെടുന്ന ജാനകിയുള്‍പ്പെടെയുള്ള സുപ്രധാന കണ്ണികളെ തൃശ്ശൂരിലെത്തിച്ച് ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറെടുക്കുന്നു. ജാനകി, സഹോദരന്‍ രാഘവന്‍, സഹോദരിയുടെ അഭിഭാഷക വിദ്യാര്‍ഥിയായ മകള്‍, ഒരു അഭിഭാഷകന്‍, വിവിധ രേഖകളിലെ സാക്ഷിയായ സോമന്‍ എന്നിവരെ തൃശ്ശൂരിലേക്ക് വരുത്തി ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ പദ്ധതി. തൃശൂരിലെ പൊലിസ് ട്രെയിനിങ് കോളജ് സ്ഥാപിച്ച ആധുനിക യന്ത്രസാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
കേസ് അന്വേഷിക്കാനെത്തിയ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.ഐ ഡേവിസ് വറീതിനെതിരേ പരാതിയുമായി കര്‍മസമിതി രംഗത്തുവന്നു. ജാനകിയെ ചോദ്യം ചെയ്യാന്‍ റിമാന്‍ഡിലുള്ള അഡ്വ. ശൈലജയുടെയും ജാനകിയുടെയും സഹോദരന്‍ രാഘവന്റെ ഓട്ടോറിക്ഷയില്‍ പോയതാണ് വിവാദമായത്. ക്രൈംബ്രാഞ്ചിന്റെ വരവും ജാനകിയുടെ മൊഴിമാറ്റവും സംശയത്തിന്റെ നിഴല്‍ പരത്തുകയാണ്.
നേരത്തെ തളിപ്പറമ്പ ഡിവൈ.എസ്.പിക്ക് നല്‍കിയ മൊഴിയില്‍ ഒരിക്കല്‍ പോലും ബാലകൃഷ്ണനെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ജാനകി വിവാഹം കഴിച്ചത് വസ്തുതയാണെന്ന് മൊഴി തിരുത്തിയതായി പറഞ്ഞെന്നാണ് ഡേവിസ് വറീത് പറഞ്ഞത്.
എന്നാല്‍ ആദ്യ മൊഴിയെടുക്കലും ചോദ്യംചെയ്യലും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തതറിയാതെയാണ് ജാനകി മൊഴി മാറ്റിയത്. കേസിന് മേല്‍നോട്ടം വഹിക്കുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിനെയും കര്‍മസമിതി ഭാരവാഹികളെയും കാണാന്‍ ക്രൈംബ്രാഞ്ച് സംഘം തയാറായില്ല. ഇതും സംശയത്തിന് കാരണമായി.
വിവരശേഖരണത്തിനപ്പുറം പ്രാധാന്യം ക്രൈംബ്രാഞ്ച് മൊഴിയെടുക്കലിനില്ലെന്ന് തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബി പറഞ്ഞു. ജാനകിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതി കണ്‍വീനര്‍ പത്മന്‍ കോഴൂര്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."