ലോകകപ്പിനായുള്ള സ്റ്റേഡിയം നിര്‍മാണപദ്ധതികളെ ഗള്‍ഫ് പ്രതിസന്ധി ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന്
ദോഹ: 2022 ഫിഫ ലോകകപ്പിനായുള്ള സ്റ്റേഡിയം നിര്‍മാണപദ്ധതികളെ ഗള്‍ഫ് പ്രതിസന്ധി ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് പ്രമുഖ എന്‍ജിനിയര്‍മാരും നിര്‍മാണമേഖലയിലെ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിനായി കൃത്യമായ ആസൂത്രണമാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നത്. ഉപരോധം കാരണം ഒരു സ്‌റ്റേഡിയത്തിന്റെ നിര്‍മാണവും നിര്‍ത്തിവെച്ചിട്ടില്ല. ഖത്തര്‍ ഉര്‍ദു റേഡിയോയുടെ തല്‍സമയ പരിപാടിയായ ഹക്കീക്കത്തില്‍ പങ്കെടുക്കവെ മുതിര്‍ന്ന സിവില്‍ എന്‍ജിനിയര്‍ മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി.
ഖലീഫ രാജ്യാന്തര സ്റ്റേഡിയം ലോകകപ്പിനായി സജ്ജമായി. അല്‍ഖോറിലെ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ പ്രാഥമിക ഘടനാപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 40 മുതല്‍ 50ശതമാനം വരെ പൂര്‍ത്തിയാകുകയും ചെയ്തു. ഉപരോധം ആരംഭിച്ചയുടന്‍ തന്നെ കമ്പനികള്‍ നിര്‍മാണവസ്തുക്കളുടെ ഇറക്കുമതിക്കായി പുതിയ റൂട്ടുകള്‍ കണ്ടെത്തി. നിര്‍മാണസാമഗ്രികളുടെ ഇറക്കുമതി സുഗമമായി പുരോഗമിക്കുന്നു.
സര്‍ക്കാരും നിര്‍മാണകമ്പനികളും ബദല്‍മാര്‍ഗങ്ങള്‍ നേരത്തെതന്നെ ആവിഷ്‌കരിച്ചിരുന്നു. ഏതുപ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും മറികടക്കുന്നതിനായി കാലേക്കൂട്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതിനാലാണ് സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം നിര്‍മാണമേഖലയെ സ്പര്‍ശിക്കാതെ പോയതെന്നും മനോജ്കുമാര്‍ വിശദീകരിച്ചു.
ഖത്തറിലെ അടിസ്ഥാനസൗകര്യമേഖല ഉടന്‍തന്നെ പൂര്‍ണമായും പരസ്പരബന്ധിതമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റോഡുകളുടെയെല്ലാം നിര്‍മാണങ്ങള്‍ സാധാരണയെന്നപോലെ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."