ജയിലിലെത്തിയവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കി
ആലുവ: ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ചവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കി. ജയില്‍ സൂപ്രണ്ടിനോട് രജിസ്റ്ററുമായി ഹാജരാകാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിക്കുകയായിരുന്നു. ബുധനാഴ്ച ദിലീപിനെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുദ്രവച്ച കവറിലാണ് ഒരു പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ വിശദമായ വിവരങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് സൂപ്രണ്ടിനോട് നേരിട്ട് രജിസ്റ്ററുമായി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
അതേ സമയം, ജയില്‍ ചട്ടങ്ങള്‍ക്ക് വിധേയമായാണ് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയതെന്ന് സൂപ്രണ്ട് കോടതിയെ ബോധിപ്പിച്ചു. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ കൂട്ടമായി ദിലീപിനെ സന്ദര്‍ശിക്കുന്നത് കേസിനെ സ്വാധീനിക്കുമെന്ന് കാണിച്ച് അന്വേഷണ സംഘം കോടതിയില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഗണേഷ് കുമാര്‍ എം.എല്‍.എ ജയിലിന് പുറത്തെത്തി നല്‍കിയ പ്രസ്താവനകള്‍ വിവാദമായതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ജയില്‍ സന്ദര്‍ശകരുടെ വിശദമായ റിപ്പോര്‍ട്ട് തേടിയത്. അതേ സമയം സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."