ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങിലെ സാന്നിധ്യം: കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന
കൊച്ചി: തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് പങ്കെടുത്തതിന് ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ശാസന. അതേസമയം, ജാമ്യം പൂര്‍ണമായി റദ്ദാക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. പകരം, ജാമ്യവ്യവസ്ഥയില്‍ അനുവദിച്ചിരുന്ന ഇളവ് റദ്ദാക്കി.
ഫസല്‍ വധക്കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതി ഉപാധിവച്ചിരുന്നു. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ കാരായി രാജന്‍ പങ്കടുത്തിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ക്കുള്ള ടാഗ് ധരിച്ച് സദസിന്റെ മുന്‍നിരയില്‍ ഇരിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്.
ഫസല്‍ വധക്കേസ് രജിസ്റ്റര്‍ ചെയ്ത അതേ പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ കാരായി രാജന്‍ മണിക്കൂറുകളോളം സംബന്ധിച്ചത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന വാദമാണ് സി.ബി.ഐ ഉന്നയിച്ചത്. ഈ ചടങ്ങില്‍ സംബന്ധിച്ചതിനെ വിമര്‍ശിച്ച കോടതി, സാക്ഷികളെ സ്വാധീനിച്ചുവെന്ന ആരോപണത്തിന് തെളിവില്ലാത്തതിനാല്‍ ജാമ്യം പൂര്‍ണമായി റദ്ദാക്കാന്‍ വിസമ്മതിച്ചു.
സി.പി.എം പ്രസിദ്ധീകരണമായ ചിന്തയില്‍ പ്രൂഫ് റീഡറായി ജോലി ചെയ്യുന്നതിന് കാരായിക്ക് തിരുവനന്തപുരത്ത് പോകുന്നതിന് അനുവദിച്ചിരുന്ന ഇളവാണ് റദ്ദാക്കിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന കാരായി രാജന് കോടതിയുടെ അനുമതിയോടെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കടുക്കുന്നതിനും ഇളവ് അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് യോഗത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് പോകരുതെന്നും വ്യക്തമാക്കിയിരുന്നു. എന്‍.ഡി.എഫ് ഡിവിഷന്‍ കൗണ്‍സിലറായിരുന്ന തലശ്ശേരി പിലാക്കൂല്‍ മുഹമ്മദ് ഫസല്‍ 2006 ഒക്ടോബര്‍ 22ന് കൊല്ലപ്പെട്ട കേസിലാണ് കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ പ്രതിചേര്‍ത്തത്. കാരായിമാര്‍ 2012 ജൂണില്‍ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."