റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വിജയത്തുടക്കം
ഇരട്ട ഗോളുകളുമായി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,
ഹാരി കെയ്ന്‍, ജോണ്‍ സ്റ്റോണ്‍സ്
മാഡ്രിഡ്: നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണ് വിജയത്തോടെ തുടക്കമിട്ടു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ അപയോല്‍ നികോഷ്യയെ പരാജയപ്പെടുത്തി. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഫയര്‍നൂദിനെ വീഴ്ത്തിയപ്പോള്‍ ടോട്ടനം ഹോട്‌സപര്‍ സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ 3-1ന് പരാജയപ്പെടുത്തി. ഷാക്തര്‍ ഡൊനെറ്റ്‌സ്‌ക് 2-1ന് നാപോളിയെ കീഴടക്കി. ബെസിക്റ്റസ് 3-1ന് പോര്‍ടോയെ അട്ടിമറിച്ചു. ലിവര്‍പൂളും സെവിയ്യയും രണ്ട് ഗോള്‍ വീതം നേടിയും മൊണാക്കോ- ലെയ്പ്‌സിഗ്, സ്പാര്‍ടക്- മരിബൊര്‍ ടീമുകള്‍ ഓരോ ഗോള്‍ വീതം നേടിയും സമനിലയില്‍ പിരിഞ്ഞു.
തിരിച്ചെത്തിയ
ക്രിസ്റ്റ്യാനോ
അഞ്ച് മത്സരങ്ങളിലെ വിലക്ക് കഴിഞ്ഞ് റയല്‍ ടീമില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവിലാണ് റയല്‍ സ്വന്തം തട്ടകത്തില്‍ അപോയലിനെതിരേ അരങ്ങേറിയ പോരാട്ടത്തില്‍ വിജയത്തോടെ തുടക്കമിട്ടത്. കളിയുടെ 12ാം മിനുട്ടില്‍ തന്നെ ഗെരത് ബെയ്ല്‍ നല്‍കിയ ക്രോസില്‍ നിന്ന് ക്രിസ്റ്റ്യാനോ റയലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി ഒറ്റ ഗോളില്‍ അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകളുടെ പിറവി. 51ാം മിനുട്ടില്‍ റയലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി ക്രിസ്റ്റ്യാനോ വീണ്ടും ടീമിനെ മുന്നിലെത്തിച്ചു. പിന്നാലെ പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ വക മൂന്നാം ഗോളും വന്നു.
ഉജ്ജ്വല വിജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി
ജോണ്‍ സ്റ്റോണ്‍സ് ഇരു പകുതികളിലായി നേടിയ ഇരട്ട ഹെഡ്ഡര്‍ ഗോളുകളുടേയും സെര്‍ജിയോ അഗ്യെറോ, ഗബ്രിയേല്‍ ജീസസ് എന്നിവരുടെ ഗോളുകളുടേയും മികവില്‍ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി വിജയത്തോടെ ചാംപ്യന്‍സ് ലീഗ് പ്രയാണം ആരംഭിച്ചു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ റൗണ്ടിലേക്ക് തിരികെയെത്തിയ ഫയനൂര്‍ദ് മറക്കാനാഗ്രഹിക്കുന്ന പോരാട്ടമായി മത്സരം മാറി. ഫയനൂര്‍ദിനെ അവരുടെ മടയില്‍ കയറി മലര്‍ത്തിയടിച്ചാണ് പെപ് ഗെര്‍ഡിയോളയുടെ സംഘം കരുത്ത് തെളിയിച്ചത്. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ജോണ്‍ സ്റ്റോണ്‍ തന്റെ ആദ്യ ഹെഡ്ഡറിലൂടെ സിറ്റിയെ മുന്നില്‍ കടത്തി. പത്താം മിനുട്ടില്‍ അഗ്യെറോയുടെ വക രണ്ടാം ഗോളും വന്നു. ഇതോടെ യൂറോപ്യന്‍ പോരാട്ടങ്ങളില്‍ 50 ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഈ അര്‍ജന്റീന താരവും ചേക്കേറി. 25ാം മിനുട്ടില്‍ ജീസസിന്റെ വക മൂന്നാം ഗോളും വലയിലായതോടെ സിറ്റി ആദ്യ പകുതിയില്‍ തന്നെ മത്സരം വരുതിയിലാക്കി കഴിഞ്ഞിരുന്നു. പിന്നീട് 63ാം മിനുട്ടില്‍ മറ്റൊരു ഹെഡ്ഡറിലൂടെ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും വലയിലാക്കി സ്റ്റോണ്‍സ് സിറ്റിയുടെ വിജയം ഉറപ്പാക്കി.
കെയ്‌നിന്റെ ഇരട്ട
ഗോളില്‍ ടോട്ടനം
മുന്നേറ്റത്തിലെ ശക്തികേന്ദ്രം ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോള്‍ മികവില്‍ ടോട്ടനം ഹോട്‌സ്പര്‍ സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ വീഴ്ത്തി. 3-1നാണ് ടോട്ടനം വിജയം പിടിച്ചത്. കളിയുടെ നാലാം മിനുട്ടില്‍ ഹ്യുങ് മിന്‍ സനിലൂടെ ടോട്ടനം ലീഡെടുത്തെങ്കിലും ബൊറൂസിയ 11ാം മിനുട്ടില്‍ യാര്‍മെലങ്കോയുടെ ഗോളില്‍ സമനില കണ്ടെത്തി. നാല് മിനുട്ടിന്റെ മാത്രം ഇടവേളയില്‍ ഹാരി കെയ്ന്‍ ടോട്ടനത്തെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ 60ാം മിനുട്ടില്‍ കെയ്ന്‍ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ സ്‌കോര്‍ മൂന്നിലെത്തിച്ച് വിജയം ഉറപ്പാക്കി.
പോര്‍ടോയെ ഞെട്ടിച്ച് ബെസിക്റ്റസ്
പെപ്പെ, ഗാരി മെഡല്‍, നെഗ്രഡോ എന്നിവരെ ടീമിലെത്തിച്ച് കരുത്തുകൂട്ടി എത്തിയ ബെസിക്റ്റസ് ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ പോര്‍ടോയെ അവരുടെ തട്ടകത്തില്‍ കയറി 3-1ന് അട്ടിമറിച്ചു. വിഖ്യാത ഗോള്‍ കീപ്പര്‍ ഇകര്‍ കാസിയസിന്റെ അബദ്ധങ്ങള്‍ ബസിക്റ്റസിന് രണ്ട് ഗോളുകളാണ് സമ്മാനിച്ചത്. പോര്‍ടോയ്ക്ക് ലഭിച്ച ഏക ഗോളും ബസിക്റ്റസ് താരം ടോസിക്കിന്റെ സെല്‍ഫിലൂടെ പിറന്ന ദാന ഗോളായിരുന്നു.
ഇറ്റാലിയന്‍ കരുത്തരായ നാപോളിയും ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി. ഷാക്തര്‍ ഡൊനെട്‌സ്‌ക് അവരെ 2-1ന് പരാജയപ്പെടുത്തി.
സമനിലയില്‍ കുടുങ്ങി വമ്പന്‍മാര്‍
ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളിച്ച് സെവിയ്യ. 2-2നാണ് മത്സരം തുല്ല്യതയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ 2-1ന് മുന്നിലായിരുന്നു. എന്നാല്‍ 72ാം മിനുട്ടില്‍ കൊരേയ നേടിയ ഗോളില്‍ സെവിയ്യ ലിവര്‍പൂളിന് വിജയം നിഷേധിച്ചു.
ജര്‍മന്‍ ടീം ലെയ്പ്‌സിഗ് ചാംപ്യന്‍സ് ലീഗിലെ അരങ്ങേറ്റം സമനിലയോടെ ആഘോഷിച്ചു. ഫ്രഞ്ച് ലീഗ് വണ്‍ ചാംപ്യന്‍മാരായ മൊണാക്കോയെ സ്വന്തം തട്ടകത്തില്‍ 1-1ന് സമനിലയില്‍ തളച്ചാണ് ചാംപ്യന്‍സ് ലീഗിലേക്കുള്ള നാടാടെയുള്ള പ്രവേശനം അവര്‍ തോല്‍വി ഒഴിവാക്കി ആഘോഷിച്ചത്. രണ്ട് മിനുട്ടിനിടെ ഇരു ടീമുകള്‍ ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം ഒപ്പത്തില്‍ പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."