സ്വത്ത് തട്ടിയെടുത്തെന്ന് ആരോപണം: കെ.എഫ്.സിക്കെതിരേ ബന്ധിത സമരവുമായി കിരണ്‍ബാബു
കോഴിക്കോട്: സ്വന്തം പണവും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെ.എഫ്.സി) നിന്നെടുത്ത വായ്പയും ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടം അധികൃതര്‍ തട്ടിയെടുത്തുവെന്ന് ആരോപിച്ച് അന്‍പത്തഞ്ചുകാരന്റെ വേറിട്ട സമരം.
എരഞ്ഞിക്കല്‍ സ്വദേശി കിരണ്‍ബാബുവാണ് കോഴിക്കോട് മുതലക്കുളത്തുള്ള കെ.എഫ്.സി ഓഫിസിനു മുന്നില്‍ ബന്ധിത, മൗന ഉപവാസവുമായി രംഗത്തെത്തിയത്.
ഇദ്ദേഹത്തിന്റെ 72.5 ലക്ഷം രൂപയും വായ്പയായെടുത്ത 17.5 ലക്ഷം രൂപയും ഉപയോഗിച്ചു പാവങ്ങാടാണ് ബാപ്പയില്‍ പാലസ് എന്ന പേരില്‍ കെട്ടിടമുണ്ടാക്കിയത്. വായ്പ നല്‍കുമ്പോള്‍ ഒന്‍പതു വര്‍ഷത്തെ കാലാവധി കെ.എഫ്.സി അധികൃതര്‍ നല്‍കിയിരുന്നുവെന്ന് കിരണ്‍ബാബു പറയുന്നു. എന്നാല്‍ 2001 മുതല്‍ തന്നെ തിരിച്ചടവ് തെറ്റിയെന്ന വ്യാജരേഖയുണ്ടാക്കി കെട്ടിടം തട്ടിയെടുക്കാനുള്ള ശ്രമം ആരംഭിക്കുകയും തിരിച്ചടവിനുള്ള തുകയില്‍ പലിശയും കൂട്ടുപലിശയും ചേര്‍ത്തു 40ശതമാനം വരെ വര്‍ധനവ് വരുത്തുകയും ചെയ്തു. തുടര്‍ന്ന് ഔദ്യോഗിക രേഖകളില്‍ കൃത്രിമമുണ്ടാക്കി കെട്ടിടം തട്ടിയെടുത്തുവെന്നുമാണ് കിരണ്‍ബാബു ആരോപിക്കുന്നത്.
എസ്.എഫ്.സി ആക്ട്, സര്‍ഫാസി ആക്ട്, സഹകരണ നിയമം, ആര്‍ബിക്ട്രേഷന്‍ ആക്ട് എന്നീ നിയമങ്ങള്‍ ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. രാവിലെ പത്തോടെ ആരംഭിച്ച സമരത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതിയംഗം വിനോദ് മേക്കോത്ത് കിരണ്‍ബാബുവിനെ ചങ്ങലകള്‍ കൊണ്ട് ബന്ധിതനാക്കി. ബി.ജെ.പി സംസ്ഥാന സമിതിയംഗം എ. ജനാര്‍ദ്ദനന്‍ അധ്യക്ഷനായി.
അഡ്വ. ജയദീപ്, ബാവന്‍കുട്ടി, എം.കെ ജനാര്‍ദ്ദനന്‍, നിഷ സുരേഷ് സംബന്ധിച്ചു. വൈകിട്ട് ബി.ജെ.പി ജില്ലാ സെക്രട്ടറി ടി.പി ജയചന്ദ്രന്‍ കിരണ്‍ബാബുവിനെ ചങ്ങലയില്‍നിന്ന് മോചിപ്പിച്ച് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."