വയനാട് സ്വദേശിനി ഏജന്റിന്റെ ചതിയില്‍പെട്ട് കഴിയുന്നുവെന്ന് റിപ്പോര്‍ട്ട്
ദമാം:ഏജന്റിനെ ചതിയില്‍ കുടുങ്ങി സഊദിയിലെത്തിയ മലയാളി യുവതി സ്‌പോണ്‍സറുടെ പീഡനത്തിനിരയായി കഴിയുന്നതായി പരാതി. യുവതിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ജുബൈല്‍ സേവന കേന്ദ്രം പരാതി നല്‍കി. വയനാട് സ്വദേശിനിയായ നിഷ രവീന്ദ്രനാണ് സ്‌പോണ്‍സറുടെ പീഡനം സഹിച്ചു കഴിയുന്നത്.
രണ്ടു മാസം മുന്‍പ് അബുദാബിയില്‍ സന്ദര്‍ശന വിസയിലെത്തിയ യുവതിയെ അവിടെയുള്ള ഏജന്റ് സഊദിയിലെ റിയാദിലേക്ക് കയറ്റിവിടുകയായിരുന്നു. റിയാദില്‍ നിഷയെ സ്വീകരിച്ച സ്വദേശി അവിടെ നിന്ന് ജിദ്ദയിലേക്കും തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനടുത്ത ജുബൈലിലേക്കും കൊണ്ടുവന്നു. ഇവിടെ ഒരു വീട്ടില്‍ താമസിപ്പിച്ചു ആവശ്യക്കാരായ സ്വദേശികള്‍ക്കു വീട്ടു ജോലിക്കായി യുവതിയെ വിട്ടു നല്‍കുകയായിരുന്നു.
വീടുകളിലെ പണി പൂര്‍ത്തിയായി തിരികെയെത്തിക്കുന്ന യുവതിക്ക് ശമ്പളവും നല്‍കിയിരുന്നില്ല. ചോദിച്ചപ്പോള്‍ കടുത്ത ചൂടില്‍ ഒരു പകല്‍ മുഴുവന്‍ വീടിന്റെ ചുറ്റുമതിലിനുള്ളില്‍ വെയിലത്ത് നിര്‍ത്തിയതായും പരാതിപ്പെട്ടു. മര്‍ദ്ദനത്തിനിടെ കണ്ണിന് പരുക്കേറ്റ ഇവര്‍ക്ക് ചികിത്സ നല്‍കാനും സ്വദേശി പൗരന്‍ തയാറായില്ല.
പീഡനം തുടര്‍ന്നപ്പോള്‍ പുറത്തു ചാടിയ ഇവര്‍ മലയാളികളുടെ സഹായത്തോടെ സാമൂഹ്യ പ്രവര്‍ത്തകനെ ബന്ധപ്പെട്ടു. ഇവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ജുബൈല്‍ പൊലിസ് സ്‌റ്റേഷനില്‍ എത്തിക്കാന്‍ പൊലിസ് നിര്‍ദേശം നല്‍കുകയായിരുന്നു. സ്‌പോണ്‍സറുടെ പേരോ ഫോണ്‍ നമ്പറോ ഇവര്‍ക്ക് അറിയില്ല. ലഭ്യമായ രേഖകള്‍ വച്ച് എംബസിയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."