ഏറ്റുമാനൂരില്‍ ആധുനിക രീതിയില്‍ പഴം- പച്ചക്കറി മാര്‍ക്കറ്റ് പണിയുമെന്ന്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ടൗണില്‍ ലോക ബാങ്ക് സഹായത്തോടെ ആധുനിക രീതിയിലുള്ള പഴം-പച്ചക്കറി മാര്‍ക്കറ്റ് പണിയുവാന്‍ പദ്ധതി. നിലവിലുള്ള കച്ചവടക്കാരെ പുനരധിവസിപ്പിച്ചുകൊണ്ടാണു പുതിയ മാര്‍ക്കറ്റ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭയുടെ കന്നി വികസന സെമിനാറില്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. 40,000,000 രൂപയാമ് ലോകബാങ്ക് പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്.
പച്ചക്കറി മാര്‍ക്കറ്റിന് മുകളിലത്തെ നിലയില്‍ നഗരസഭയുടെ പുതിയ ഓഫീസ് മന്ദിരവും നിര്‍മ്മിക്കും. ലോക ബാങ്ക് സഹായത്തോടെ തന്നെ ഗ്യാസ് ഉപയോഗിച്ചുള്ള ശ്മശാനവും ആധുനിക കംഫര്‍ട്ട് സ്റ്റേഷനും പണിയുന്നതോടൊപ്പം പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ യാര്‍ഡ് നവീകരണവും നടക്കും. മള്‍ട്ടി പ്ലക്‌സുകള്‍ അടങ്ങുന്ന വ്യാപാരസമുശ്ചയവും പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.
അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ റോസമ്മ സിബി, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.എസ്. വിനോദ്, ടി.പി.മോഹന്‍ദാസ്, സൂസന്‍ തോമസ്, വിജി ഫ്രാന്‍സിസ്, ഗണേഷ് ആര്‍, പദ്ധതി കോഓര്‍ഡിനേറ്ററും കൃഷി ഓഫീസറുമായ ഷേര്‍ളി സഖറിയാസ്, നഗരസഭാ സെക്രട്ടറി എസ് ഷറഫുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ പട്ടണത്തിന്റെ വികസനത്തിന് 65 കോടി രൂപ അനുവദിപ്പിച്ച സുരേഷ് കുറുപ്പ് എം.എല്‍.എയെ യോഗത്തില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."