ഫണ്ടില്ല; സമഗ്രവരള്‍ച്ച പ്രതിരോധ പദ്ധതി ഫയലിലുറങ്ങുന്നു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 80.20 കോടി ചെലവില്‍ നടപ്പിലാക്കുന്ന സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിക്ക് ഫണ്ട് ലഭിക്കാതെ വന്നതോടെ പ്രവര്‍ത്തനങ്ങള്‍ ഫയലുകളില്‍ മാത്രമായി.
ജൂണ്‍ ഒന്നിന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയുടെ പ്രവൃത്തികള്‍ ഇനിയും തുടങ്ങാനായിട്ടില്ല.
15220 ഹെക്ടര്‍ പ്രദേശത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40.30 ഹെക്ടര്‍ വനവും 277 ഹെക്ടര്‍ വയലുമായി പരിസ്ഥിതി പുനസ്ഥാപിക്കുന്നതിനും ജൈവവൈവിധ്യം വികസിപ്പിക്കുന്നതിനും സാധ്യമാകുന്ന തരത്തിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
ഇതിനായി ഈ സാമ്പത്തിക വര്‍ഷം 20 കോടി രൂപ വകയിരുത്തിയെന്നുമായിരുന്നു അധികൃതര്‍ അറിയിച്ചത്.
ആദ്യപടിയായി കബനി തീരത്തെ 12 കിലോമീറ്റര്‍ ദൂരം വൃക്ഷതൈകള്‍ നടുമെന്നും പദ്ധതി പ്രവര്‍ത്തനം ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴവെള്ളം കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും ചകിരി നിറച്ച മഴക്കുഴികള്‍ നിര്‍മിക്കുന്നതിനും വനാതിര്‍ത്തികളിലെ താഴ്‌വാരങ്ങളില്‍ മണ്‍കയ്യാലകള്‍ നിര്‍മിക്കാനും നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനായി ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ സര്‍വെ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്നാല്‍ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ ഫണ്ടുകള്‍ ലഭിക്കാതെ പദ്ധതി ആരംഭിക്കാന്‍ സാധിക്കാതെയായി.
ഓരോ വരള്‍ച്ചാക്കാലങ്ങളിലും വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികള്‍ നടപ്പിലാക്കുന്നതല്ലാതെ വരള്‍ച്ചക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുന്നില്ല. കാലവര്‍ഷം കഴിയാറായതോടെ ജലസംരക്ഷണ പ്രവര്‍ത്തനമുള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. എന്നാല്‍ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനം നടപ്പിലാക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ പുതിയ ഉണര്‍വുണ്ടാക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കര്‍ഷകരാണ് ഏറെ നിരാശരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."