കയറിന്റെ ചരിത്രം ചിത്രങ്ങള്‍ പറയും നഗരത്തിലെ ചുമരുകളില്‍ ചിത്രരചന തുടങ്ങി
ആലപ്പുഴ: അന്തര്‍ദ്ദേശീയ വിപണിയിലും ആഭ്യന്തര വിപണിയിലും കയറിന്റെ സ്ഥാനം വിപുലമാക്കാന്‍ കലാകാരന്മാര്ക്ക് സാധിക്കുമെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്.
ഒക്ടോബര്‍ അഞ്ചിനാരംഭിക്കുന്ന കയര്‍ കേരള 2017 ന്റെ പ്രചരണാര്‍ത്ഥം ആലപ്പുഴയുടെയും കയറിന്റെയും ചരിത്രം ചിത്രരൂപത്തില്‍ നഗരത്തിലെ ചുമരുകളില്‍ വരയ്ക്കുന്ന പരിപാടി ആലപ്പുഴ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കയര്‍ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്യുന്നതില്‍ കലാകാരന്മാര്ക്ക് സൃഷ്ടിപരമായ പങ്കു വഹിക്കാനാകും. കേരളത്തിന്റെ നാടന്‍ കലാരൂപങ്ങളും മറ്റ് അനുഷ്ഠാന കലാരൂപങ്ങളും ആലേഖനം ചെയ്ത് വീടുകളില്‍ പോസിറ്റീസ് ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന കയറുല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്ന് അദ്ദേഹം പറഞ്ഞു.
കലയുടെ മഹിമ തെളിയിക്കാന്‍ പറ്റുന്ന ഒരു പുതിയ മാധ്യമമെന്ന നിലയ്ക്ക് കയറിന് അനന്ത സാദ്ധ്യതകളാണുള്ളത്. ആലപ്പുഴയുടെ പൈതൃകത്തിലും ചരിത്രത്തിലും കയറുമായി ബന്ധപ്പെട്ട് ഉണ്ടിയിട്ടുള്ള ഇടപെടലുകള്‍ നഗരത്തിലെ ചുമരുകളില്‍ ചാരുതയോടെ ചിത്രീകരിക്കുന്നത് പുതുതലമുറയ്ക്ക് ആവേശം പകരുമെന്നും കാനായി പറഞ്ഞു.
നഗരത്തിലെ 10 സ്ഥലങ്ങളിലെ ചുമരുകളില്‍ ചിത്രം വരയ്ക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്കൂളിനു മുന്നിലെ മതിലില്‍ അദ്ദേഹം ചിത്രം വരച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്മാന് തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ലളിതകലാ അക്കാദമി ചെയര്മാന് സത്യപാല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ടി മാത്യു, കൗണ്‍സിലര്‍ ഷോളി സിദ്ധകുമാര്‍, കയര്‍ഫെഡ് ചെയര്മാന് അഡ്വ. സായികുമാര്‍, കയര്‍ പ്രോജക്റ്റ് ഓഫീസര്‍ യു. അജിത് കുമാര്‍, കയര്‍ യന്ത്രനിര്‍മ്മാണ ഫാക്ടറി എം.ഡി. പി.വി. ശശീന്ദ്രന്, കൊച്ചി ബിനാലെ ട്രസ്റ്റി ബോണി തോമസ്, കലാകാരന്മാരായ സിറിള്‍ ഡോമനിക്, അജയന് കാട്ടുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."