ബാലികക്ക് എച്ച്.ഐ.വി: രക്തം നല്‍കിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു
തിരുവനന്തപുരം: ആര്.സി.സിയില്‍ കാന്‍സര്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ രക്തം നല്‍കിയവരുടെ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചു. 46 പേരാണ് രക്തം നല്‍കിയിരിക്കുന്നത്. ഇവരെ കണ്ടെത്തി രക്ത പരിശോധനക്ക് വിധേയരാക്കും. ഇവരില്‍ എച്ച്.ഐ.വി ബാധിച്ചയാളെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കാനാണ് തീരുമാനം.
സൈബര്‍ സിറ്റി അസി. കമ്മിഷണര്‍ പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെയും ആശുപത്രിയിലെത്തി രേഖകള്‍ പരിശോധിച്ചു. രക്തദാന സമയത്ത് ആശുപത്രി അധികൃതര്‍ ദാതാക്കളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ ഫയലുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലികക്ക് രക്തം നല്‍കിയെന്ന് പറയപ്പെടുന്ന ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിക്കുമെന്ന് പൊലിസ് അറിയിച്ചു. കുട്ടിയെ ആദ്യം ചികിത്സിച്ച ആലപ്പുഴയിലെ ആശുപത്രിയിലെ മുതല്‍ ആര്.സി.സിയിലെ വരെ ചികിത്സാഘട്ടങ്ങള്‍ പൊലിസ് പരിശോധിക്കും. ആരോഗ്യവിദഗ്ധരുടെ സഹായത്തോടെയാകും അന്വേഷണം പൂര്‍ത്തിയാക്കുക. പൊലിസിന് പുറമേ ആരോഗ്യവകുപ്പും മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടി ആര്.സി.സിയില്‍ ചികിത്സക്കെത്തിയത്. രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റേഡിയേഷന് തെറാപ്പി നടത്തി. അതിനുശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ബ്ലഡ് ട്രാന്സ്ഫ്യൂഷന് നടത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."